ഇസ്ലാമാബാദ് : ഇന്ത്യയിൽ നിന്നല്ല, ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിൽ നിന്നാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയ്ക്ക് ഭീഷണി വരുന്നതെന്ന് മുഖ്യമന്ത്രിയും നവാസ് ഷെരീഫിന്റെ മകളുമായ മറിയം നവാസ് . അതിർത്തിക്കുള്ളിൽ നടക്കുന്ന ഓരോ ഭീകരാക്രമണത്തിനും പാകിസ്ഥാൻ സൈന്യം ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും കുറ്റപ്പെടുത്തുന്നത് പതിവാകുമ്പോഴാണ് മറിയം നവാസിന്റെ പ്രസ്താവന.
ലാഹോറിൽ എഐ ഹബ്ബിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു മറിയം നവാസ് . പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയ്ക്കുള്ള ഭീഷണി അയൽരാജ്യത്തിൽ നിന്ന് (ഇന്ത്യ) കുറവാണെന്നും പാകിസ്ഥാനിലെ തന്നെ അയൽ പ്രവിശ്യകളിൽ നിന്ന് – പ്രത്യേകിച്ച് ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലും ഭീഷണി പഞ്ചാബിലേക്ക് വരുന്നതെന്നും അവർ പറഞ്ഞു .
പ്രവിശ്യയിലെ ഭീകരതയും കുറ്റകൃത്യങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയുള്ള പ്രൊവിൻഷ്യൽ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് ത്രെറ്റ് അസസ്മെന്റ് സെന്റർ , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഹബ് എന്നിവ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായി ചുമതലയേറ്റതിനുശേഷം പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ കുറ്റകൃത്യങ്ങൾ 70% കുറഞ്ഞുവെന്നും മറിയം നവാസ് അവകാശപ്പെട്ടു.
പിഐഎഫ്ടിഎസിയുടെയും എഐ ഹബ്ബിന്റെയും സമാരംഭം ഭീഷണികൾ നേരത്തേ കണ്ടെത്തുന്നതിനും സുരക്ഷാ ഏജൻസികൾക്കിടയിൽ ഏകോപനം മെച്ചപ്പെടുത്തുന്നതിനും ഉയർന്നുവരുന്ന വെല്ലുവിളികൾക്ക് കൃത്യമായ തിരിച്ചടി നൽകാനും സഹായിക്കുമെന്ന് അവർ പറഞ്ഞു.

