കണ്ണൂർ : സുരക്ഷാഭീഷണി ഇല്ലാത്തവർക്കുള്ള പൊലീസ് സുരക്ഷയും വസതിയ്ക്ക് മുന്നിൽ ഏർപ്പെടുത്തിയിരിക്കുന്ന കാവലും പിൻവലിക്കാൻ നീക്കം. സംസ്ഥാനത്ത് പൊലീസ് കാവലുള്ള നേതാക്കളുടെയും, സുരക്ഷാക്രമീകരണങ്ങളുടെയും കാര്യങ്ങളും നിലവിൽ സുരക്ഷാഭീഷണി ഉണ്ടോയെന്ന കാര്യവും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തരവകുപ്പ് രഹസ്യാന്വേഷണ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഒരാഴ്ച്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം.
മലബാർ മേഖലയിൽ കണ്ണൂരിൽ അടക്കം രാഷ്ട്രീയ സംഘർഷങ്ങൾ കുറഞ്ഞ സാഹചര്യത്തിൽ നേതാക്കൾക്ക് പൊലീസ് സുരക്ഷ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം . കേന്ദ്ര സംസ്ഥാന മന്ത്രിമാരെ കൂടാതെ 50 ലധികം നേതാക്കളും സഞ്ചരിക്കുന്നത് പ്രത്യേക സുരക്ഷാവലയത്തിലാണ്. നേതാക്കൾക്കുള്ള സുരക്ഷാകാര്യങ്ങൾ തീരുമാനിക്കാനുള്ള കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ അന്തിമതീരുമാനമാകും.
അനധികൃതമായി നേതാക്കൾക്ക് പൊലീസ് സംരക്ഷണവും ഗണ്മാന്മാരെയും നൽകുന്നത് അവസാനിപ്പിക്കണമെന്ന് കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുൽ ആഭ്യന്തരമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു. പിന്നാലെ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മാറ്റുകയും ചെയ്തിരുന്നു.

