ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ സ്കൂൾ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നു. ഡബ്ലിൻ 15 മേഖലയിൽ പ്രൈമറി, ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബ്ലാഞ്ചാർട്സ്ടൗൺ ലോക്കൽ ഡ്രഗ്ഗ് ആന്റ് ആൽക്കഹോൾ ടാസ്ക് ഫോർസ് നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കിടയിൽ കൊക്കെയ്ൻ, ബെൻസോഡിയാസെപൈനുകൾ എന്നിവയുടെ ഉപയോഗവും മയക്കുമരുന്ന് കച്ചവടവും സാധാരണമാണെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മദ്യവും മയക്കുമരുന്നും ഉപയോഗിക്കാൻ കഴിയുന്ന അന്തരീക്ഷത്തിലാണ് ഇന്നത്തെ കുട്ടികൾ ഉള്ളതെന്ന് ടാസ്ക് ഫോഴ്സ് വക്താവ് എലെൻ ട്രോയ് പറഞ്ഞു. ലഹരി ഉപയോഗം സാധാരണവത്കരിക്കപ്പെട്ടിരിക്കുന്നു. മദ്യം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വലിയ രീതിയിൽ വർദ്ധിച്ചു. മദ്യവും മയക്കുമരുന്നും സുലഭമായി ലഭിക്കുകയും ഉപയോഗിക്കാൻ കഴിയുകയും ചെയ്യുന്ന അന്തരീക്ഷത്തിലാണ് കുട്ടികൾ ഉള്ളത്. ഇതിനെതിരെ തങ്ങളെക്കൊണ്ട് കഴിയുന്ന കാര്യങ്ങൾ ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

