ഡബ്ലിൻ: അയർലന്റിൽ മുങ്ങിമരണങ്ങൾ വർദ്ധിക്കുന്നു. ഈ വർഷം ഇതുവരെ 42 പേരാണ് മുങ്ങിമരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തരം മരണങ്ങളുടെ എണ്ണത്തിൽ 31.25 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം ഈ മാസംവരെ 15 ൽ താഴെ മുങ്ങിമരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ആർഎൻഎൽ ഉദ്യോഗസ്ഥയായ ലിൻഡ-ജീൻ ബൈർൺ ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്കായി പങ്കുവച്ചത്. വേൾഡ് ഡ്രൗണിംഗ് പ്രിവൻഷൻ ഡേയോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു ലിൻഡ. മുൻ വർഷങ്ങളിൽ രാജ്യത്ത് മുങ്ങിമരണങ്ങളുടെ എണ്ണം വർദ്ധിച്ചിരുന്നു. എന്നാൽ ദൗർഭാഗ്യവശാൽ ഈ വർഷം എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി. കടലിലും നദികളിലും വെള്ളത്തിൽ ഇറങ്ങുമ്പോൾ ലൈഫ് ജാക്കറ്റുകൾ ധരിച്ചിരിക്കണം. സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തേണ്ടത് ആവശ്യമാണെന്നും ലിൻഡ ഓർമ്മിപ്പിച്ചു.

