ഡബ്ലിൻ: അയർലന്റിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചൂട് കാലം വന്നെത്തിയിരിക്കുകയാണ്. ശക്തമായ വെയിലാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. നല്ല രീതിയിൽ വെയിൽ ലഭിക്കുന്നതിനാൽ എല്ലാവരും വീടുകൾക്ക് വെളിയിലാണ് തുണികൾ ഉണക്കാൻ ഇടുന്നത്. എന്നാൽ വെയിലിൽ തുണികൾ ഉണക്കാനിടുമ്പോൾ ശ്രദ്ധിക്കണം എന്നാണ് ഡെയ്ലി പോപ്പിൻസിന്റെ എംഡി നിഗൽ ബെയർമാൻ നൽകുന്ന മുന്നറിയിപ്പ്.
ചൂട് കാലം എന്നത് പൂമ്പൊടിധാരാളമായി അന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെടുന്ന കാലം കൂടിയാണെന്ന് ബെയർമാൻ പറയുന്നു. ഉണങ്ങിയ പുല്ലുകളിൽ നിന്നുള്ള പൊടിയും ഇതിനൊപ്പം അന്തരീക്ഷത്തിൽ ഉണ്ടാകും. പുറത്ത് ഉണങ്ങാനിടുന്ന നനഞ്ഞ തുണികളിൽ ഇത് പറ്റിപ്പിടിക്കും. ഈ വസ്ത്രം ധരിക്കുമ്പോൾ കണ്ണു ചൊറിച്ചിൽ, മൂക്ക് ചൊറിച്ചിൽ, ജലദോഷം, മറ്റ് അലർജികൾ എന്നിവ അനുഭവപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതിനാൽ വീടുകൾക്കുള്ളിൽ തന്നെ തുണികൾ ഉണങ്ങാൻ ഇടുന്നതാണ് നല്ലത്.

