ഡബ്ലിൻ: താലയിൽ ആക്രമിക്കപ്പെട്ട ഇന്ത്യക്കാരന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കരുതെന്ന നിർദ്ദേശവുമായി പോലീസ്. സംഭവത്തിന് പിന്നാലെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ നിർദ്ദേശം.
ആക്രമണത്തിൽ യുവാവിന്റെ മുഖത്തിനും കൈകാലുകൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. മുഖത്ത് നിന്നും കൈകാലുകളിലെ മുറിവുകളിൽ നിന്നും രക്തംവാർന്ന നിലയിലുള്ള യുവാവിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ആക്രമണത്തിന് ഇരയായ വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കണമെന്ന് പോലീസ് പറഞ്ഞു. അതിനാൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്നും പോലീസ് അഭ്യർത്ഥിച്ചു.
അതേസമയം യുവാവിന് നേരെയുണ്ടായ ആക്രമണത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

