തിരുവനന്തപുരം ; കെ എസ് ആർ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉത്തരവിറങ്ങി. ഗതാഗത സെക്രട്ടറി അനുപമ ടി വി ഐ എ എസാണ് ഉത്തരവിറക്കിയത്. ഓർഡിനറി ബസുകളിൽ ഈ മാസം 15 മുതലാണ് യാത്ര ആരംഭിക്കുന്നത്. കെ എസ് ആർ ടി സിയ്ക്കുളള തിരിച്ചടവിൽ ആശങ്ക വേണ്ടെന്നും അത് കൃത്യമായി ട്രഷറിയിൽ എത്തുമെന്നും ഗതാഗതമന്ത്രി സി പി ജോൺ പറഞ്ഞു.
സ്വകാര്യ ബസ് മുതലാളിമാരുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രിയദർശിനി എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ഉപയോഗപ്രദമാകുന്നതുമാണ്. പദ്ധതിയുടെ നിർവ്വഹണഫലവും, നടപ്പാക്കൽ രീതിയുടെ കാര്യക്ഷമതയും വിലയിരുത്തിയ ശേഷം തുടർപ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കും. പദ്ധതിയുടെ സാമ്പത്തിക ചിലവ് പൂർണ്ണമായി സംസ്ഥാനസർക്കാർ വഹിക്കും. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അധിക സാമ്പത്തിക ബാധ്യത നികത്താൻ ടിക്കറ്റ് ഇതര വരുമാനം കണ്ടെത്താനുള്ള നടപടികളും കെ എസ് ആർ ടി സി ആവിഷ്ക്കരിക്കും.

