ഡബ്ലിൻ: ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശ നഴ്സുമാരിൽ നിന്നും നിയമവിരുദ്ധമായി ഫീസ് ഈടാക്കിയെന്ന ആരോപണത്തിൽ പരുങ്ങലിലായി മുൻ മേയർ ബേബി പേരേപ്പാടന്റെ രാഷ്ട്രീയ ഭാവി. നിലവിൽ കൗൺസിലർ കൂടിയായ ബേബി പേരേപ്പാടനെതിരെ നടപടിയ്ക്ക് സർക്കാരിലും പാർട്ടിയിലും സമ്മർദ്ദമേറുകയാണ്. ബേബി പേരേപ്പാടന്റെ മകൻ ബ്രിട്ടോ പേരേപ്പാനെതിരെയും നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം.
കഴിഞ്ഞ ദിവസമാണ് ബേബി പേരേപ്പാടനെതിരെ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രമുഖ ഐറിഷ് മാദ്ധ്യമം വാർത്ത പുറത്തുവിട്ടത്. ബേബി പേരേപ്പാടൻ പങ്കാളിയായ എയ്ഞ്ചൽ കെയർ കൺസൾട്ടൻസി ലിമിറ്റഡ് എന്ന റിക്രൂട്ട്മെന്റ് കമ്പനിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ആയിരം യൂറോവരെയാണ് കമ്പനി ഫീസായി നഴ്സുമാരിൽ നിന്നും ഈടാക്കിയിട്ടുള്ളതെന്നാണ് വിവരം.
ഫീസ് നൽകേണ്ടിവന്ന മലയാളി നഴ്സുമാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ പേരേപ്പാടനെതിരെ നടപടി ആവശ്യപ്പെട്ട് പീപ്പിൾ ബിഫോർ പ്രോഫിറ്റ് ടി ഡി പോൾ മർഫി ,സ്വതന്ത്ര കൗൺസിലർ മഡലീൻ ജോഹാൻസൺ എന്നിവർ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്റെ എത്തിക്സ് രജിസ്ട്രാർക്ക് പരാതി നൽകിയിട്ടുണ്ട്.

