ഡബ്ലിൻ: സൺസ്ക്രീനിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന നെഗറ്റീവ് ക്യാമ്പെയ്നിംഗിനെതിരെ മുന്നറിയിപ്പുമായി ഡെർമറ്റോളജിസ്റ്റ്. സൺസ്ക്രീനിനെതിരെ പ്രചരിക്കുന്ന കാര്യങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് എച്ച്എസ്ഇയിലെ ഡെർമറ്റോളജി ക്ലിനിക്കൽ ലീഡ് ആയ പ്രൊഫസർ ആൻ മേരി ടോബിൻ വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങൾ അയർലൻഡലിലെ ജനങ്ങൾക്ക് ഭീഷണിയാണെന്നും അവർ പറഞ്ഞു. സൺസ്ക്രീനിൽ അപകടകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും അതിനാൽ സ്ഥിരമായി സൺസ്ക്രീൻ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണ്. ഇത്തരം പ്രചാരണങ്ങൾ അയർലൻഡിലെ ജനങ്ങൾക്ക് ദോഷം ചെയ്യും. സൂര്യപ്രകാശം ഏൽക്കുമ്പോൾ പെട്ടെന്ന് തന്നെ പൊള്ളൽ ഏൽക്കുന്ന ചർമ്മമാണ് രാജ്യത്തെ 75 ശതമാനം ആളുകൾക്കും ഉള്ളത്. അതുകൊണ്ട് തന്നെ സൺസ്ക്രീൻ ഇല്ലാതെ പുറത്തിറങ്ങുന്നത് സ്കിൻ ക്യാൻസറിന് ഉൾപ്പെടെ കാരണമാകുമെന്നും ആൻ മേരി വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾക്ക് യാതൊരു തെളിവുകളും ഇല്ലെന്ന് താല യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡെർമറ്റോളജിസ്റ്റും പ്രതികരിച്ചു.

