ഡബ്ലിൻ: അയർലൻഡിലെ ജനസംഖ്യയിൽ വർധനവ്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കണക്കുകൾ പ്രകാരം റിപ്പബ്ലിക് ഓഫ് അയർലൻഡിന്റെ ജനസംഖ്യ 5.52 ദശലക്ഷമായി വർധിച്ചു. ഈ വർഷം ഏപ്രിൽ വരെയുള്ള 12 മാസങ്ങൾക്കിടെ ജനസംഖ്യയിൽ 66,900 പേരുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്.
ആകെ ജനസംഖ്യയിൽ 4.95 ദശലക്ഷം പേർ ഐറിഷ് പൗരന്മാരാണ്. മൊത്തം ജനസംഖ്യയുടെ 83.1 ശതമാനംവരും ഇത്. 931,000 പേർ ഐറിഷ് പൗരന്മാരല്ല. 2020 മുതൽ രാജ്യത്ത് 65 വയസ്സിനു മുകളിലുള്ളവരുടെ എണ്ണത്തിൽ 22.7 ശതമാനം വർധനവുണ്ടായിട്ടുണ്ട്. പൂജ്യത്തിനും 14 വയസ്സിനും ഇടയിൽ പ്രായമുള്ളവരുടെ എണ്ണം ഒരു ദശലക്ഷത്തിൽ താഴെയായി 992,400 ആയി കുറഞ്ഞു. 2014 ന് ശേഷം ഈ പ്രായപരിധി ഒരു ദശലക്ഷത്തിൽ താഴെയാകുന്നത് ഇതാദ്യമായിട്ടാണ്. ഒരു വയസ്സിന് താഴെയുള്ള 55,000 പേർ രാജ്യത്ത് താമസിക്കുന്നു. 16 വർഷത്തിനുള്ളിൽ 19,900 പേരുടെ കുറവാണ് ഈ വിഭാഗക്കാരിൽ ഉണ്ടായിരിക്കുന്നത്. ഏകദേശം 110,600 കുടിയേറ്റക്കാർ ഈ ജനസംഖ്യയിൽ ഉൾപ്പെടുന്നു.

