ഡബ്ലിൻ: മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻബാഗുകൾ പുറത്തുവയ്ക്കുന്ന രീതിയ്ക്ക് വിലക്ക് ഏർപ്പെടുത്താൻ ഡബ്ലിൻ സിറ്റി കൗൺസിൽ. അടുത്ത വർഷം മുതൽ പദ്ധതി നടപ്പിലാക്കാനാണ് നിലവിലെ തീരുമാനം. നേരത്തെ ഈ മാസം മുതലാണ് പദ്ധതി നടപ്പിലാക്കാനിരുന്നത്. എന്നാൽ പ്രതിഷേധത്തെ തുടർന്ന് താത്ക്കാലികമായി പദ്ധതി പിൻവലിക്കുകയായിരുന്നു.
അടുത്ത വർഷം ഫെബ്രുവരി 1 മുതലാണ് നടപ്പിലാക്കാൻ കൗൺസിൽ പദ്ധതിയിടുന്നത്. ഡബ്ലിനിലെ ഏഴ് പ്രദേശങ്ങളിലെ ആയിരക്കണക്കിന് വീടുകളെയാണ് പ്രധാനമായും പുതിയ തീരുമാനം ബാധിക്കുക. നിലവിൽ പ്ലാസ്റ്റിക് ബാഗുകളിൽ മാലിന്യം ശേഖരിച്ച് പുറത്തുവയ്ക്കുകയാണ് രീതി. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. 250 യൂറോ പിഴ ചുമത്താനാണ് തീരുമാനം.

