ഡബ്ലിൻ: അയർലന്റിൽ കുട്ടികളെ വളർത്തുന്നതിനുള്ള ചിലവ് വർദ്ധിക്കുന്നു. പ്രതിവർഷം 15,000 യൂറോ ആണ് മാതാപിതാക്കൾക്ക് കുട്ടികൾക്ക് വേണ്ടി ചിലവിടേണ്ടിവരുന്നത്. കഴിഞ്ഞ 10 വർഷത്തിൽ കുട്ടികളെ വളർത്തുന്ന ചിലവിൽ 39 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
അടുത്തിടെ ലയ ഹെൽത്ത്കെയർ നടത്തിയ സർവ്വേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. കുഞ്ഞുണ്ടായി ആദ്യ വർഷവും, അവരുടെ കൗമാരകാലത്തുമാണ് രക്ഷിതാക്കൾക്ക് ഏറ്റവും കൂടുതൽ പണം ചിലവഴിക്കേണ്ടിവരുന്നത്. 2015 മുതൽ കുട്ടികൾക്ക് രക്ഷിതാക്കൾ നൽകുന്ന പോക്കറ്റ് മണിയിൽ 86 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നിലവിൽ പ്രതിവർഷം ശരാശരി 1,196 യൂറോയാണ് രക്ഷിതാക്കൾ പോക്കറ്റ് മണി ഇനത്തിൽ കുട്ടികൾക്ക് നൽകുന്നത്.
കുട്ടികളുടെ ഭക്ഷണത്തിനായുള്ള ചിലവ് 61 ശതമാനം വർദ്ധിച്ചു. അയ്യായിരം യൂറോയോളമാണ് കുട്ടികളുടെ ഭക്ഷണത്തിനായി രക്ഷിതാക്കൾ പ്രതിവർഷം ശരാശരി ചിലവഴിക്കുന്നത്.

