കോർക്ക്: യൂറോപ്പിലെ ഏറ്റവും മികച്ച പ്രാദേശിക വിമാനത്താവളമെന്ന നേട്ടം കൈവരിച്ച് കോർക്ക് വിമാനത്താവളം. ഈ വർഷത്തെ എയർപർട്ട് കൗൺസിൽ ഇന്റർനാഷണൽ യൂറോപ്പ് ബെസ്റ്റ് എയർപോർട്ട് പുരസ്കാരം (5 മില്യൺ യാത്രികരിൽ താഴെ ) കോർക്ക് വിമാനത്താവളം സ്വന്തമാക്കി. മൂന്നാം തവണയാണ് മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരം ലഭിക്കുന്നത്. അയർലന്റിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വിമാനത്താവളം ആണ് കോർക്കിലേത്.
യാത്രികരുടെ അനുഭവം, പ്രവർത്തനക്ഷമത, വികസനം. സ്ഥിരത, പുതുമ എന്നിവ അടിസ്ഥാനമാക്കിയാണ് പുരസ്കാര നിർണയം. മികച്ച പ്രവർത്തനം ആയതിനാൽ യാത്രികർ കൂടുതലായി യാത്രകൾക്ക് തിരഞ്ഞെടുക്കുന്നത് കോർക്ക് വിമാനത്താവളം ആണ്. കഴിഞ്ഞ വർഷം 3.2 മില്യൺ യാത്രികരാണ് കോർക്ക് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. 2023 നെ അപേക്ഷിച്ച് വിമാനയാത്രികരുടെ എണ്ണത്തിൽ 10 ശതമാനത്തിന്റെ വർദ്ധനവ് കഴിഞ്ഞ വർഷം ഉണ്ടായി. ഇതിന് മുൻപ് 2017 ലും 2019 ലും ആയിരുന്നു കോർക്ക് വിമാനത്താവളത്തിന് ഈ നേട്ടം ലഭിച്ചത്.

