ഡബ്ലിൻ: കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ആശങ്കാകുലരായി അയർലന്റിലെ ജനങ്ങൾ. രാജ്യത്തെ ജനങ്ങളിൽ 10 ൽ 4 പേർ തങ്ങളുടെ ജീവിതം കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് അപകടത്തിലാണെന്ന് വിശ്വസിക്കുന്നുണ്ടെന്നാണ് യൂറോപ്യൻ കമ്മീഷന്റെ ഗവേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 3 ൽ 2 പേർ കാലാവസ്ഥ വ്യതിയാനം ഇല്ലാതാക്കാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വിശ്വസിക്കുന്നു.
യൂറോബാരോമീറ്റർ പോളിന്റെ അടിസ്ഥാനത്തിലാണ് യൂറോപ്യൻ കമ്മീഷൻ ഗവേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ കാലാവസ്ഥാ മാറ്റത്തെ തുടർന്ന് കാട്ടുതീ, വെള്ളപ്പൊക്കം, രൂക്ഷമായ കാലാവസ്ഥ മാറ്റങ്ങൾ എന്നിവ നേരിടേണ്ടിവരുമെന്നാണ് അയർലന്റിലെ ജനങ്ങൾ കരുതുന്നത്. ഇതിൽ വലിയ ആശങ്കയും ഇവർക്കുണ്ട്. 41 ശതമാനം ആളുകൾ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പ്രശ്നങ്ങളെ തുറന്ന് കാട്ടാൻ മുന്നോട്ടുവരുന്നുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

