കിൽഡെയർ: കൗണ്ടി കിൽഡെയറിൽ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി അധികൃതർ. പ്രദേശത്ത് നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ബോംബ് കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത് എന്നാണ് വിശദീകരണം. ഏറെ ചരിത്ര പ്രാധാന്യമുള്ള ബോംബാണ് ഇതെന്നും വ്യക്തമാക്കുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സില്ലോട്ട് ഹിൽ ലാൻഡ്ഫില്ലിൽ സ്ഫോടക വസ്തു കണ്ടെത്തിയത്. ഇതോടെ ഗാർഡയും ഇഒഡി അംഗങ്ങളും സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ഇവിടേയ്ക്കുള്ള വഴി അടയ്ക്കുകയും ചെയ്തു. സ്ഫോടക വസ്തു നിർവ്വീര്യമാക്കിയെന്നാണ് സൂചന. കൂടുതൽ പരിശോധനയ്ക്കായി സ്ഫോടക വസ്തു വിദഗ്ധ സംഘത്തിന് കൈമാറിയിട്ടുണ്ട്.

