ഭക്ഷണം പാകം ചെയ്യാനായി മലയാളികൾ പൊതുവെ വെളിച്ചെണ്ണയാണ് ഉപയോഗിക്കാറുള്ളത് . തേങ്ങ ഉണക്കി ആട്ടി എണ്ണ എടുക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് പലരും കടയിൽ നിന്ന് ലഭിക്കുന്ന വെളിച്ചെണ്ണയാണ് ഉപയോഗിക്കുക. എന്നാൽ നമ്മൾ ഉപയോഗിക്കുന്ന വെളിച്ചെണ്ണ ശുദ്ധമാണോ, അതോ മായം ചേർന്നതാണോയെന്ന് എങ്ങനെ തിരിച്ചറിയാം. അതിന് ചില പൊടിക്കൈകളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് പ്രത്യേകമായ നേർത്ത ഒരു മണമുണ്ടാകും. എന്നാൽ മായം ചേർന്ന വെളിച്ചെണ്ണയ്ക്ക രൂക്ഷമായ ഗന്ധമാകും ഉണ്ടാകുക. ഒരു തുണ്ട് വെള്ളപേപ്പർ എടുത്ത് അതിൽ കുറച്ച് എണ്ണ ഒഴിക്കുക. എണ്ണ പേപ്പറിലേയ്ക്ക് പടരുകയാണെങ്കിൽ അത് ശുദ്ധമാണ്.
രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ എടുത്ത് ചീനച്ചട്ടിയിൽ ഒഴിച്ച് ചൂടാക്കുക. മായ കലർന്ന വെളിച്ചെണ്ണയാണെങ്കിൽ ചൂടാക്കുമ്പോൾ കരിഞ്ഞ മണം വരും.
കുപ്പിയില്‍ വെളിച്ചെണ്ണ എടുത്ത് ഫ്രിഡ്ജില്‍ വയ്ക്കുക. രണ്ട് മണിക്കൂറിന് ശേഷം പുറത്തെടുത്ത് നോക്കുക. മായം കലര്‍ന്ന വെളിച്ചെണ്ണയാണെങ്കില്‍ കുപ്പിയുടെ മുകളില്‍ നിറവ്യത്യാസമുള്ള ദ്രാവകം പോലെ കാണാന്‍ സാധിക്കും. അതുപോലെ ശുദ്ധമായ വെളിച്ചെണ്ണ പെട്ടെന്ന് കട്ടിയാകും.
വെളിച്ചെണ്ണയിൽ കുറച്ച് ശുദ്ധമായ വെണ്ണ ചേർക്കുക. വെണ്ണ കലരുമ്പോൾ നിറം ചുവപ്പായാൽ ആ എണ്ണയിൽ കെമിക്കലോ , പെട്രോളിയമോ ചേർന്നിട്ടുണ്ടെന്ന് മനസിലാക്കാം.
ഒരു ഗ്ലാസ് വെള്ളമെടുത്ത് അതിൽ അല്പം വെളിച്ചെണ്ണ ഒഴിക്കുക. ശുദ്ധമായ വെളിച്ചെണ്ണ ഒരിക്കലും വെള്ളത്തിൽ ലയിക്കില്ല. അത് മുകളിൽ പാളിയായി നിൽക്കും. മായം ചേർത്ത എണ്ണയാണെങ്കിൽ അത് വെള്ളത്തിൽ ലയിക്കുന്നതായി കാണാം. ശുദ്ധമായ വെളിച്ചെണ്ണ ശരീരത്തിൽ പുരട്ടിയാൽ അത് പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്നതായും, മൃദുവായും തോന്നും. മായം ചേർന്ന എണ്ണയാണെങ്കിൽ അത് ചർമ്മത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നതായും , ഒട്ടിപ്പിടിച്ചിരിക്കുന്നതായും തോന്നും.

