ന്യൂഡൽഹി : തിരുപ്പുറകുണ്ഡ്രത്തിലെ ദീപത്തൂണിൽ കാർത്തിക വിളക്ക് കൊളുത്താത്ത സംഭവത്തിൽ കോടതിയലക്ഷ്യ ഹർജി നൽകാൻ നിർദേശിച്ച് സുപ്രീം കോടതി.
കോടതി ഉത്തരവുണ്ടായിട്ടും വിളക്ക് തെളിയിക്കാത്തതിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ കൈക്കൊള്ളണാമെന്നായിരുന്നു ഹർജിക്കാരൻ കെ കെ രമേശ് അഭ്യർത്ഥിച്ചത്. എന്നാൽ സ്വമേധയാ നടപടിയെടുക്കുന്നില്ലെന്നും പകരം കോടതിയലക്ഷ്യ ഹർജി സമർപ്പിക്കാനുമാണ് ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.
ഹിന്ദു ധർമ്മ പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾക്ക് വേണ്ടി ഹർജി സമർപ്പിച്ചിട്ടുണ്ട്. ജില്ലാ കലക്ടർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽശങ്കരനാരായണൻ നൽകിയ റിപ്പോർട്ടിൽ നിർഭാഗ്യവശാൽ ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ സാധിച്ചില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ചടങ്ങ് കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ നേരത്തെ കോടതി നിർദേശം നൽകിയിരുന്നു.
കോടതി ഉത്തരവ് നടപ്പിലാക്കുന്നതിൽ നിന്ന് അധികൃതർ ബോധപൂർവം ഒഴിഞ്ഞുമാറുകയാണെന്ന് ഹിന്ദു സംഘടനകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഗുരു കൃഷ്ണകുമാർ വാദിച്ചു. കോടതിയലക്ഷ്യ ഹർജിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

