കണ്ണൂർ : സിപിഎം പ്രവർത്തകനായ സിവി ധനരാജിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. പ്രതികൾക്ക് അഞ്ച് ലക്ഷം വീതം പിഴയും വിധിച്ചിട്ടുണ്ട്. ഈ തുക ധനരാജിന്റെ കുടുംബത്തിന് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. പിഴ ഒടുക്കാതിരുന്നാൽ അഞ്ച് വർഷം കൂടി തടവ് അനുഭവിക്കേണ്ടി വരും.
തളിപ്പറമ്പ് അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി ജഡ്ജി കെ എൻ പ്രശാന്താണ് വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതി ടിപി ബിജു, രണ്ടാം പ്രതി എം വിപിൻ, മൂന്നാം പ്രതി എം വൈശാഖ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത് . വിപിനും , വൈശാഖും സഹോദരങ്ങളാണ്.
നാലു മുതൽ 20 വരെയുള്ള പ്രതികളെയാണ് വിട്ടയച്ചത്. പന്ത്രണ്ടാം പ്രതിയായിരുന്ന സി ബിജു പിന്നീട് കൊല്ലപ്പെട്ടിരുന്നു. സിപിഎം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയും, ഡിവൈ എഫ് ഐ നേതാവുമായിരുന്ന ധനരാജ് 2016 ജൂലൈ 16 ന് രാത്രിയാണ് വെട്ടേറ്റ് മരിച്ചത് . രാമന്തളിയിലെ കുന്നാരു കാരന്താട്ടെ വീടിനുള്ളിൽ വച്ചായിരുന്നു ധനരാജിന് വെട്ടേറ്റത് . വെട്ട് കൊണ്ട് നിലവിളിച്ചോടിയ ധനരാജിനെ അക്രമികൾ പിന്തുടർന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ അമ്മ മാധവിയും, ഭാര്യ എൻ വി സജിനയും ആക്രമണം നേരിൽ കണ്ടു. ശബ്ദം കേട്ടെത്തിയ അയൽവാസി പ്രജീഷാണ് ഈ കേസിൽ ഒന്നാം സാക്ഷി. രക്തത്തിൽ കുളിച്ച നിലയിൽ വെട്ടു കൊണ്ട് വീണ ധനരാജിനെ പരിയാരം ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.

