ഡബ്ലിൻ: ഹ്യൂമൻ ടിഷ്യൂ ആക്ട് നിലവിൽ വന്നതിന് പിന്നാലെ ഓപ്റ്റ് ഔട്ട് രജിസ്റ്ററിൽ പേര് രേഖപ്പെടുത്തുന്നത് മണിക്കൂറിൽ ശരാശരി 155 പേർ. നിയമം നിലവിൽ വന്ന് രണ്ട് ആഴ്ച പിന്നിട്ടതോടെ എച്ച്എസ്ഇയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. നിയമം നിലവിൽ വന്ന് 10 ദിവസത്തിനുള്ളിൽ 40,000 പേർ ഓപ്റ്റ് ഔട്ട് രജിസ്റ്ററിൽ പേര് ചേർത്തു.
പ്രായപൂർത്തിയായ എല്ലാ വ്യക്തികളെയും അവയദാതാക്കളായി കണക്കാക്കുന്ന നിയമമാണ് ഹ്യൂമൻ ടിഷ്യു ആക്ട് 2024. കഴിഞ്ഞ മാസം 17 മുതലാണ് അയർലന്റിൽ ഈ നിയമം നിലവിൽവന്നത്. അവയവദാനത്തിന് സമ്മതമില്ലാത്തവർക്ക് വേണ്ടിയാണ് ഇതോടൊപ്പം സർക്കാർ ഓപ്റ്റ് ഔട്ട് രജിസ്റ്റർ സംവിധാനവും കൊണ്ടുവന്നത്. ജൂൺ 17 മുതൽ ജൂൺ 27 ഉച്ചയ്ക്ക് 12 മണിവരെ 38,687 പേരാണ് ഓപ്റ്റ് ഔട്ട് രജിസ്റ്ററിൽ പേര് ചേർത്തത് എന്നാണ് എച്ച്എസ്ഇയുടെ ഔദ്യോഗിക കണക്ക്.

