ഡബ്ലിൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫ് നയങ്ങൾ അയർലന്റിന് കനത്ത തിരിച്ചടിയായേക്കുമെന്ന് സൂചന. യൂറോപ്യൻ രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്ക് അമേരിക്ക 20 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ അമേരിക്കയുടെ പ്രധാന ആശ്രിതരായ അയർലന്റിന് വലിയ പ്രതിസന്ധിയാകും വിപണിയിൽ നേരിടേണ്ടിവരിക. അടുത്ത ആഴ്ചയാകും ട്രംപ് രാജ്യങ്ങൾക്കായുള്ള പുതിയ താരിഫ് പ്രഖ്യാപിക്കുക.
അമേരിക്കയെ പ്രധാന വിപണിയാക്കിയ രാജ്യങ്ങളിൽ മുൻപന്തിയിലാണ് അയർലന്റിന്റെ സ്ഥാനം. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ മൂന്ന് ഭാഗവും അയർലന്റ് അമേരിക്കയിലേക്ക് കയറ്റി അയക്കുകയാണ് പതിവ്. 2024 ൽ മാത്രം 73 ബില്യൺ യൂറോയുടെ ഉത്പന്നങ്ങളാണ് അയർലന്റ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തിരിക്കുന്നത്. 20 ശതമാനം താരിഫ് പ്രാബല്യത്തിൽ വരുമ്പോൾ അയർലന്റിന് കയറ്റുമതിയിൽ 18 ബില്യൺ യൂറോയുടെ നഷ്ടമാണ് ഉണ്ടാകുക എന്നാണ് വിലയിരുത്തൽ. അയർലന്റിലെ ആഭ്യന്തര വിപണിയിലും താരിഫ് വർദ്ധനവിന്റെ തിരിച്ചടി പ്രതിഫലിക്കും.
ട്രംപിന്റെ താരിഫ് പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നിരിക്കേ പ്രതികരണവുമായി ഐറിഷ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ രംഗത്ത് എത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ അമേരിക്കയുടെ താരിഫ് വർദ്ധനവ് വലിയ ഭീഷണിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

