ഡബ്ലിൻ: അമേരിക്കൻ ഇമിഗ്രേഷൻ വിഭാഗത്തിന്റെ കസ്റ്റഡിയിൽ നിന്നും മോചിതയായ ഐറിഷ് വനിത മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി വെളിപ്പെടുത്തൽ. ഗ്രീൻ കാർഡ് ഉടമയായ ക്ലിയോണ വാർഡ് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോഡർ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നുവെന്നാണ് സഹോദരി വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് യുഎസ് യാത്രയ്ക്കിടെ പിടിയിലായ ക്ലിയോണ മോചിതയായത്.
മോചിതയായെങ്കിലും ക്ലിയോണയുടെ ജീവിതം സാധാരണപോലെ ആയില്ലെന്ന് സഹോദരി ഹോളഡേ പറഞ്ഞു. രാത്രി കാലങ്ങളിൽ കലശലായ ഛർദ്ദിയാണ് ക്ലിയോണയ്ക്ക് അനുഭവപ്പെടുന്നത്. ശരിയായ ഉറക്കം ലഭിക്കുന്നില്ലെന്നും സഹോദരി പറഞ്ഞു.
അയർലന്റിൽ എത്തി രോഗിയായ പിതാവിനെ കണ്ട് മടങ്ങുവഴിയായിരുന്നു സാൻ ഫ്രാൻസിസ്കോ വിമാനത്താവളത്തിൽവച്ച് ക്ലിയോണ കസ്റ്റഡിയിലായത്. മാർച്ചിൽ ആയിരുന്നു സംഭവം.