അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളുടെ ദുരുപയോഗം സംബന്ധിച്ച അന്വേഷണത്തിനിടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റ് അംഗം അനിൽ മിശ്രയും സ്വമേധയാ രാജിവച്ചു.ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇരുവരുടെയും രാജി. ക്ഷേത്രത്തിലേക്ക് ഭക്തർ നൽകുന്ന സംഭാവനകളും വഴിപാടുകളും കൈകാര്യം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കേസിൽ ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവിനാശ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, റാം ശങ്കർ യാദവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും അഴിമതി നിരോധന നിയമത്തിലെയും കർശനമായ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ക്ഷേത്രത്തിലേക്ക് സംഭാവനയായി സ്വീകരിച്ച പണത്തിൽ നിന്ന് ഏകദേശം 7.5 കോടി രൂപ തട്ടിയെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായവരിൽ ആറ് പേർ പണം എണ്ണാൻ നിയോഗിക്കപ്പെട്ട ജീവനക്കാരാണ്.

