കൊച്ചി : രാജ്യത്തെ സന്നദ്ധസംഘടനകളുടെയും , ജീവകാരുണ്യ സ്ഥാപനങ്ങളുടെയും സ്വയംഭരണാവകാശത്തെയും പ്രവർത്തന സ്വാതന്ത്ര്യത്തെയും ഞെരുക്കി ഇല്ലാതാക്കുന്നതാണ് പുതിയ എഫ്.സി.ആർ.എ നിയമ ഭേദഗതി ചട്ടങ്ങളെന്ന് എം പി ജോൺ ബ്രിട്ടാസ് . ചട്ടങ്ങൾ ഉടനടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചതായും ജോൺ ബ്രിട്ടാസ് പറയുന്നു.
മതപരമായ പ്രവർത്തനങ്ങളിൽ ‘പരിവർത്തനം’ (Proselytisation) എന്ന വാക്ക് ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ കൊണ്ടുവരുമ്പോൾ, ഈ വാക്കിന് കൃത്യമായ നിയമപരമായ നിർവചനം ഭേദഗതിയിൽ നൽകിയിട്ടില്ല. ഇത് ഉദ്യോഗസ്ഥർക്ക് സ്വന്തം താല്പര്യപ്രകാരം നിയമം ദുരുപയോഗം ചെയ്യാനും, ഭരണഘടനയുടെ അനുച്ഛേദം 25 ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെ ഹനിക്കാനും ഇടയാക്കുമെന്നും ജോൺ ബ്രിട്ടാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം….
എഫ്.സി.ആർ.എ (FCRA) ഭേദഗതി ചട്ടങ്ങൾ ഉടനടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായ്ക്ക് കത്തയച്ചു. 2026-ലെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ചട്ടങ്ങൾ ഉയർത്തുന്ന ഗുരുതരമായ ഭരണഘടനാപരമായ ആശങ്കകളാണ് കത്തിൽ ചൂണ്ടിക്കാട്ടിയത്. രാജ്യത്തെ സന്നദ്ധസംഘടനകൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ ഏജൻസികൾ എന്നിവയുടെ സ്വയംഭരണാവകാശത്തെയും പ്രവർത്തന സ്വാതന്ത്ര്യത്തെയും പൂർണ്ണമായി ഇല്ലാതാക്കുന്നതാണ് പുതിയ മാറ്റങ്ങൾ.
മതപരമായ പ്രവർത്തനങ്ങളിൽ ‘പരിവർത്തനം’ (Proselytisation) എന്ന വാക്ക് ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ കൊണ്ടുവരുമ്പോൾ, ഈ വാക്കിന് കൃത്യമായ നിയമപരമായ നിർവചനം ഭേദഗതിയിൽ നൽകിയിട്ടില്ല. ഇത് ഉദ്യോഗസ്ഥർക്ക് സ്വന്തം താല്പര്യപ്രകാരം നിയമം ദുരുപയോഗം ചെയ്യാനും, ഭരണഘടനയുടെ അനുച്ഛേദം 25 ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെ ഹനിക്കാനും ഇടയാക്കും. സംഘടനകളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, പ്രസിദ്ധീകരണങ്ങൾ, ഭാരവാഹികളുടെ ലേഖനങ്ങൾ എന്നിവപോലും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവും കടുത്ത നിരീക്ഷണ വ്യവസ്ഥിതിയുടെ നിർമ്മാണവുമാണ്. ഇത് പുട്ടുസ്വാമി കേസിൽ സുപ്രീം കോടതി ഉയർത്തിപ്പിടിച്ച സ്വകാര്യതയ്ക്കുള്ള അവകാശത്തിന് വിരുദ്ധമാണ്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും ചെലവഴിച്ചെങ്കിൽ മാത്രമേ ഒരു സംഘടന ‘സജീവമാണ്’ എന്ന് കണക്കാക്കൂ എന്ന നിബന്ധന തികച്ചും അന്യായമാണ്. പുതിയ ഭേദഗതി പ്രകാരം സംഘടനകൾക്ക് അവരുടെ പ്രവർത്തനമേഖലകളും സംസ്ഥാനങ്ങളും മുൻകൂട്ടി നിശ്ചയിക്കേണ്ടി വരുന്നു. ഇത് പ്രകൃതിദുരന്തങ്ങളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ സംസ്ഥാന അതിർത്തികൾ ഭേദിച്ച് അതിവേഗം ദുരിതാശ്വാസ പ്രവർത്തനങ്ങൾ എത്തിക്കാനുള്ള സംഘടനകളുടെ കഴിവിനെ തടസ്സപ്പെടുത്തും.
ഭരണഘടന മുന്നോട്ടുവെക്കുന്ന അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ ഭേദഗതികൾ. കഴിഞ്ഞ 10 വർഷത്തിനിടെ ആയിരക്കണക്കിന് സംഘടനകളുടെ ലൈസൻസുകളാണ് റദ്ദാക്കപ്പെട്ടത്. ഇതിനെക്കുറിച്ചുള്ള പാർലമെന്റ് ചോദ്യങ്ങൾക്ക് പോലും ‘രഹസ്യ സ്വഭാവമുള്ളത്’ എന്ന മറുപടിയാണ് സർക്കാർ നൽകുന്നത്. സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനൊപ്പം തന്നെ ഭരണഘടനാപരമായ സ്വാതന്ത്ര്യവും ജനാധിപത്യ മര്യാദകളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനാൽ ഈ കരിനിയമങ്ങൾ പിൻവലിച്ച്, സന്നദ്ധസംഘടനകളുടെയും നിയമവിദഗ്ദ്ധരുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി വിപുലമായ ചർച്ചകൾ നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണം.

