ഇസ്ലാമാബാദ് : മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് അക്തറിന്റെ സഹോദരൻ ഷാഹിദ് അക്തറിന്റെ ശവസംസ്ക്കാര ചടങ്ങിൽ പാക് ഭീകരരും പങ്കെടുത്തതായി റിപ്പോർട്ടുകൾ. നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്ബ, അനുബന്ധ രാഷ്ട്രീയസംഘടനയായ പാകിസ്താൻ സെൻട്രൽ ലീഗിന്റെയും നിരവധി നേതാക്കളും , പ്രവർത്തകരും സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഇസ്ലാമാബാദിലെ എച്ച് 8 സെമിത്തേരിയിലാണ് ഷാഹിദ് അക്തറിന്റെ സംസ്ക്കാര ചടങ്ങുകൾ നടന്നത്. പുറത്ത് വന്ന വീഡിയോയിൽ പാകിസ്ഥാൻ സെൻട്രൽ മുസ്ലീം ലീഗ് പ്രസിഡന്റ് ഇനാം-ഉർ-റഹ്മാൻ ഉൾപ്പെടെ നിരവധി പേരുടെ ചിത്രങ്ങൾ ഉണ്ട് . പിഎംഎംഎല്ലുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്ലാറ്റ്ഫോമിലാണ് വീഡിയോ വന്നതെന്നാണ് വിവരം.
ലഷ്കർ-ഇ-തൊയ്ബ സ്ഥാപകൻ ഹാഫിസ് സയീദുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഘടനയാണ് ഇനാം ഉർ റഹ്മാൻ പ്രസിഡന്റായ പാകിസ്ഥാൻ സെൻട്രൽ മുസ്ലീം ലീഗ് . പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന സൈഫുള്ള കസൂരിയുമായി ഇനാം-ഉർ-റഹ്മാന് ബന്ധമുണ്ടെന്ന് കാണിക്കുന്ന ചില ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം, പാകിസ്ഥാൻ ദേശീയ അസംബ്ലി സ്പീക്കർ സർദാർ അയാസ് സാദിഖും ഷോയിബ് അക്തറിന്റെ വീട് സന്ദർശിച്ച് ഷാഹിദ് അക്തറിന്റെ വിയോഗത്തിൽ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തി. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇടം നേടിയ പാക് താരത്തിന്റെ കുടുംബത്തിന് തന്നെ ഭീകരരുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന വാർത്തകളാണിത്. നിരവധി വർഷങ്ങളായി, ചില നിരോധിത സംഘടനകൾ വ്യത്യസ്ത പേരുകളിലും പ്ലാറ്റ്ഫോമുകളിലും പ്രവർത്തനങ്ങൾ തുടരുന്നുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പാകിസ്ഥാൻ അന്താരാഷ്ട്ര തലത്തിൽ ആരോപണങ്ങൾ നേരിടുന്നുണ്ട്.

