ഡബ്ലിൻ: ഇന്ത്യക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ച പശ്ചാത്തലത്തിൽ തുറന്ന കത്തുമായി അയർലന്റിലെ നഴ്സ്. ഇപ്പോൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് വരാൻ തന്നെ ഭയമാണെന്ന് അദ്ദേഹം പറയുന്നു. എന്ത് കൊണ്ട് ഞങ്ങൾ അയർലന്റ് വിടുന്നുവെന്ന തലക്കെട്ടോടെ റെഡ്ഡിറ്റിലാണ് പേര് വെളിപ്പെടുത്താനാകാത്ത നഴ്സ് തന്റെ ആശങ്കകൾ തുറന്ന് എഴുതിയിരിക്കുന്നത്.
‘രക്ഷപ്പെടുന്നതിന് വേണ്ടിയാണ് ഞങ്ങൾ അയർലന്റിൽ എത്തിയത്. എന്നാൽ ഇന്ന് ഷിഫ്റ്റിന് ശേഷം വീട്ടിലേക്ക് നടന്ന് വരാൻ ഞങ്ങൾക്ക് ഭയമാണ്. 8 വയസ്സ് മാത്രം പ്രായമുള്ള ഇന്ത്യക്കാരിയായ പെൺകുട്ടിയെ കൗമാരക്കാരുടെ സംഘം അധിക്ഷേപിക്കുന്നതിന് എനിക്ക് സാക്ഷിയാകേണ്ടിവന്നിട്ടുണ്ട്.
ഞാനുൾപ്പെടെ നിരവധി പേരാണ് അയർലന്റിന്റെ ആരോഗ്യരംഗത്തിന് സംഭാവന നൽകാൻ ഇവിടെ എത്തിയിരിക്കുന്നത്. കൊറോണക്കാലത്ത് വലിയ സമ്മർദ്ദത്തിനിടയിലും ജീവൻ പണയംവച്ച് ഇവിടെയുളളവർക്കായി ജോലി ചെയ്തു. വിവാഹങ്ങളും മരണാനന്തര ചടങ്ങുകളും വേണ്ടെന്ന് വച്ചു. ഇവിടുത്തെ എല്ലാ നിയമങ്ങളും പാലിച്ചു. നികുതി കൃത്യമായി നൽകി. ദയയുള്ള രാജ്യമാണ് അയർലന്റ് എന്നായിരുന്നു ഞങ്ങൾ കരുതിയത്. എന്നാൽ അങ്ങനെയല്ല. ജന്മനാടുകളിലേക്ക് മടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് ഞങ്ങൾ. ഞങ്ങൾ അയർലന്റിനെ സ്നേഹിക്കുന്നില്ല. കാരണം അയർലന്റ് ഞങ്ങളെ സ്നേഹിക്കുന്നത് അവസാനിപ്പിച്ചിരിക്കുന്നു’-കത്തിൽ പറയുന്നു.

