ഡബ്ലിൻ: ഡബ്ലിൻ തുറമുഖത്ത് കണ്ടെയ്നറുകൾക്ക് അധിക നിരക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ സർക്കാരിനെതിരെ വിമർശനം. അധിക നിരക്ക് രാജ്യത്ത് ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വില വർധിക്കാൻ ഇടയാക്കുമെന്ന വിലയിരുത്തലിന് പിന്നാലെയാണ് വിമർശനം ഉയർന്നത്. നീക്കത്തിൽ ഐറിഷ് റോഡ് ഹൗളിയേഴ്സ് അസോസിയേഷൻ കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. അയർലൻഡിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖം ആണ് ഡബ്ലിൻ.
കണ്ടെയ്നറുകൾക്ക് വിലയിൽ അഞ്ച് ശതമാനത്തിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതിന് പുറമേ ഇൻഫ്രാസ്ട്രക്ചർ ചാർജായി 15 യൂറോയും ചുമത്തിയിട്ടുണ്ട്. നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ പുറത്ത് നിന്നും അയർലൻഡിലേക്കും അയർലൻഡിൽ നിന്നും പുറത്തേയ്ക്കും വരുന്ന കണ്ടെയ്നറുകളുടെ വിലയിൽ 46 ശതമാനം വർധനവ് ഉണ്ടാകും. ഇത് വിലക്കയറ്റത്തിന് വഴിവയ്ക്കും.

