മയോ: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയെ വരവേൽക്കാനൊരുങ്ങി കൗണ്ടി മയോയിലെ ഔഘാഗോവർ ഗ്രാമം. കാർണിയുടെ പൂർവ്വികർ താമസിച്ചിരുന്നത് ഇവിടെയാണ്. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം ഇവിടുത്തെ വീട്ടിലും എത്തുമെന്നാണ് വിവരം.
രണ്ട് ദിവസത്തെ അയർലൻഡ് സന്ദർശനത്തിന് വേണ്ടിയാണ് കാർണി എത്തുന്നത്. നാളെ രാജ്യത്ത് എത്തുന്ന അദ്ദേഹം ഞായറാഴ്ചയാകും ഗ്രാമത്തിൽ എത്തുക. കാർണിയുടെ മുത്തച്ഛനും മുത്തശ്ശിയും താമസിച്ചിരുന്നത് മയോയിലാണ്. 1925 ൽ ഇവർ ഇവിടെ നിന്നും കുടിയേറുകയായിരുന്നു. ഗ്രാമം സന്ദർശിക്കുന്ന വേളയിൽ കാർണി പാരിഷ് പള്ളിയിലെ കുർബാനയിൽ പങ്കെടുക്കും. പൂർവ്വികരെ അടക്കം ചെയ്ത സെമിത്തേരിയിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

