ഡബ്ലിൻ ; പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് നികുതിയിലുള്ള ഇളവുകൾ ഫെബ്രുവരി അവസാനം വരെയോ മാർച്ച് ആദ്യം വരെയോ നീട്ടുന്ന കാര്യം സർക്കാർ പരിഗണനയിൽ. ഏപ്രിലിൽ ഏർപ്പെടുത്തിയ ഇളവുകൾ നവംബർ ആദ്യം മുതൽ പിൻവലിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
എന്നാൽ, ഫെബ്രുവരി വരെ ഇവ തുടരുമെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസും പൊതുചെലവ് കാര്യ മന്ത്രി ജാക്ക് ചേംബേഴ്സും സൂചന നൽകി.ഈ ഇളവുകൾ മൂലം ഡീസൽ ലിറ്ററിന് 32 സെന്റും പെട്രോൾ ലിറ്ററിന് 27 സെന്റും വില കുറഞ്ഞിരുന്നു.
പ്രതിവാര ഇന്ധന അലവൻസ് തുകയിൽ 5 യൂറോയുടെ വർദ്ധനവ് വരുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് വിവരം.സെപ്റ്റംബർ അവസാനം മുതൽ ഏപ്രിൽ വരെ നൽകുന്ന ഈ അലവൻസിന്റെ നിലവിലെ നിരക്ക് ആഴ്ചയിൽ 38 യൂറോയാണ്.പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് നികുതി ഇളവുകൾ ബജറ്റിൽ നീട്ടുമെന്ന് മന്ത്രി ചേംബേഴ്സ് നേരത്തെ തന്നെ സൂചന നൽകിയിരുന്നു.

