ഡബ്ലിൻ : സർക്കാർ തലത്തിൽ വാർദ്ധക്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ദേശീയ ചർച്ച ആരംഭിക്കണമെന്ന് , ‘നഴ്സിംഗ് ഹോംസ് അയർലൻഡ്‘ . നിലവിൽ അയർലൻഡിലെ നഴ്സിംഗ് ഹോമുകളിൽ 95 ശതമാനം കിടക്കകളും നിറഞ്ഞിരിക്കുകയാണ്, മാത്രമല്ല വരുംകാലത്ത് ഇതിനുള്ള ആവശ്യം വർദ്ധിക്കുകയും ചെയ്യുമെന്നും ‘നഴ്സിംഗ് ഹോംസ് അയർലൻഡ് ചീഫ് എക്സിക്യൂട്ടീവ് ടാഡ്ഗ് ഡാലി വാർഷിക സമ്മേളനത്തിൽ പറഞ്ഞു.
“ചരിത്രത്തിലെ ഏറ്റവും വലിയ സാമൂഹിക-ആരോഗ്യ വെല്ലുവിളികളിലൊന്നിലേക്കാണ് അയർലൻഡ് അറിഞ്ഞോ അറിയാതെയോ നീങ്ങിക്കൊണ്ടിരിക്കുന്നത് . എന്താണ് വരാനിരിക്കുന്നതെന്ന് നമുക്ക് കൃത്യമായി അറിയാം, എന്നിട്ടും ആവശ്യമായ വലിയ തോതിലുള്ള ആസൂത്രണം നടത്താൻ നമുക്ക് സാധിച്ചിട്ടില്ല.
ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം, 2045-ഓടെ 85 വയസ്സും അതിൽ കൂടുതലുമുള്ളവരുടെ എണ്ണത്തിൽ 162 ശതമാനം വർദ്ധനവുണ്ടാകും. 2030-ഓടെ അയർലൻഡിൽ 65 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ എണ്ണം പത്തു ലക്ഷത്തിലധികം വരും.“ എന്നും ടാഡ്ഗ് ഡാലി പറഞ്ഞു.

