പ്രകൃതി ഭംഗികൊണ്ടും അവിടുത്തെ ജീവിതം കൊണ്ടും നമ്മെ അമ്പരപ്പിക്കുന്ന നിരവധി സ്ഥലങ്ങളാണ് ലോകത്തുള്ളത്. അതിലൊന്നാണ് കോ പാനി എന്ന കൊച്ച് പ്രദേശം. ഇവിടെത്തിയാൽ ശാന്തമായ ജലനിരപ്പിന് മുകളിലായി നിരവധി വീടുകൾ കാണാം. ഇവിടെ ഒരു ഗ്രാമം മുഴുവൻ സ്ഥിതി ചെയ്യുന്നത് വെള്ളത്തിന് മുകളിലാണ് എന്നതാണ് വാസ്തവം.
തായ്ലൻഡിലെ ഫാങ് ങ്ഗ എന്ന പ്രവിശ്യയിലെ ഗ്രാമമാണ് കോ പാനി. കോ പാൻയി എന്നും ഈ മേഖല അറിയപ്പെടുന്നു. പൊങ്ങിക്കിടക്കുന്ന ഗ്രാമം എന്നാണ് കോ പാനി എന്നതിന്റെ അർത്ഥം. പേര് സൂചിപ്പിക്കുന്നത് പോലെ നൂറ് കണക്കിന് കുടുംബങ്ങൾ വെള്ളത്തിന് മുകളിലായി ഇവിടെ വസിക്കുന്നു. ഈ ഗ്രാമത്തിന്റെ ഭൂരിഭാഗം മേഖലയും കടലിന് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. മത്സ്യബന്ധനം ജീവനോപാധിയാക്കിയ ആളുകളാണ് ഇവിടുത്തുകാർ. വെള്ളത്തിന് മുകളിൽ എങ്ങനെയാണ് ഇങ്ങനെയൊരു ഗ്രാമം രൂപപ്പെട്ടതെന്ന് നോക്കാം.
മുകളിൽ സൂചിപ്പിച്ചത് പോലെ തന്നെ ശാന്തമായ കടലാണ് ഫാംഗ് ങ്ഗയിലേത്. ഈ ശാന്തത തന്നെയാണ് ഇവിടുത്തുകാരെ വീടുവയ്ക്കാൻ സഹായിക്കുന്നതും. കടൽത്തട്ടിനിടയിൽ ഉറപ്പുള്ള തൂണുകൾ സ്ഥാപിച്ച് അതിന് മുകളിലായിട്ടാണ് ആളുകൾ വീടുകൾ വയ്ക്കുന്നത്. ഇത്തരത്തിൽ തൂണുകൾ ഘടിപ്പിക്കാൻ കടലിന്റെ ശാന്തത ആളുകളെ തുണയ്ക്കുന്നുണ്ട്.
മത്സ്യബന്ധനത്തിന് വേണ്ടിയാണ് ആളുകൾ ഇവിടെ താമസം ആരംഭിച്ചത് എന്നാണ് പറയപ്പെടുന്നത്. ക്രമേണ ഇതൊരു ചെറിയ ഗ്രാമമായി മാറുകയായിരുന്നു. ഇന്തോനേഷ്യയിൽ നിന്നും കടൽ കടന്നെത്തിയ മത്സ്യത്തൊഴിലാളികളാണ് ഇവിടെ ആദ്യം സ്ഥാനമുറപ്പിച്ചത് എന്നാണ് കഥ. ഏകദേശം രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപായിരുന്നു ഇത്. വിദേശികൾക്ക് കരയിൽ ഭൂമി വാങ്ങുന്നതിന് തായ്ലൻഡിൽ അന്നത്തെ കാലത്ത് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഇതോടെയാണ് ഇവർ കടലിന് മുകളിൽ തങ്ങളുടെ ജീവതം കെട്ടിപ്പടുക്കാൻ ആരംഭിച്ചത്.
വെള്ളത്തിന് മുകളിലാണെങ്കിലും ഈ ഗ്രാമത്തിൽ എല്ലാ സൗകര്യങ്ങളും ഉണ്ട് എന്നതാണ് പ്രത്യേകത. സ്കൂൾ, പള്ളി, ആരോഗ്യ കേന്ദ്രം, ചെറിയ കടകൾ, വിനോദസഞ്ചാരികൾക്കുള്ള ഭക്ഷണശാലഖൽ എന്നിവ ഇവിടെയുണ്ട്. വെള്ളത്തിന് മുകളിലൂടെ ഒഴുകുന്ന ഫുട്ബോൾ മൈതാനമാണ് ഇവിടുത്തെ ഏറ്റവും വലിയ സവിശേഷമായ കാഴ്ച. ഇത് കാണാൻ നിരവധി വിനോദസഞ്ചാരികളാണ് ഇവിടെയെത്താറുള്ളത്. കുട്ടികളിലെ കായിക ശേഷി വർധിപ്പിക്കുകയായിരുന്നു ഈ മൈതാനത്തിന്റെ നിർമ്മാണം കൊണ്ടുണ്ടായിരുന്ന ലക്ഷ്യം.
ഇന്ന് വിനോദസഞ്ചാരത്തിലും ഇവരുടെ സമ്പദ് വ്യവസ്ഥ കേന്ദ്രീകരിക്കുന്നു. വർഷം തോറും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെയെത്തി മടങ്ങാറുള്ളത്. ആധുനിക സൗകര്യങ്ങളുടെ വരവും വിനോദസഞ്ചാര മേഖലയുടെ വളർച്ചയും ഉണ്ടായിരുന്നിട്ടും ഇപ്പോഴും ഇവർ മത്സ്യബന്ധനത്തെ കൈവിടാൻ ഒരുക്കമല്ല. കാരണം ഇവരുടെ സംസ്കാരവും പൈതൃകവും നിലനിർത്തുന്നതിൽ മത്സ്യബന്ധനത്തിന് വലിയ പങ്കാണുള്ളത്. ഇതേക്കുറിച്ച് ഇവിടുത്തുകാർ ബോധവാന്മാരുമാണ്.

