ലെയ്ട്രിം: സോഷ്യൽ ഹോമുകളുടെ വാടക വർധിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം. വാടകക്കാരാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ജീവിത ചിലവ് പ്രതിസന്ധിയ്ക്കിടെ വാടക വർധനവ് അന്യായമാണെന്ന് വാടകക്കാർ ചൂണ്ടിക്കാട്ടി. ലെയ്ട്രിം കൗണ്ടി കൗൺസിലാണ് വാടക വർധിപ്പിക്കാൻ തീരുമാനിച്ചത്.
ക്രിസ്തുമസിന് മുന്നോടിയായി വാടകയിൽ വർധനവ് കൊണ്ടുവരാനാണ് തീരുമാനം. എന്നാൽ നിലവിലെ സാഹചര്യത്തിൽ വാടക വർധിപ്പിക്കുന്നത് അന്യായമാണെന്ന് വാടകക്കാരുടെ പ്രതിനിധി കൂട്ടിച്ചേർത്തു. കൗൺസിലിന്റെ തീരുമാനം ആയിരത്തോളം വാടകക്കാരെ ബാധിക്കുന്നതാണ്.
പുതിയ നയം അനുസരിച്ച് പ്രതിവാരം വാടക 18 ശതമാനം ഉയർത്താനാണ് കൗൺസിലിന്റെ തീരുമാനം. വിവിധ വരുമാനമുള്ളവർ വീടുകളിൽ താമസിക്കുന്നുണ്ട്. കൗൺസിലിന്റെ തീരുമാനം വാടകയിനത്തിൽത്തന്നെ നല്ലൊരു തുക സാധാരണക്കാരിൽ നിന്നും നഷ്ടമാകാൻ കാരണമാകും. ഇതോടെയാണ് പ്രതിഷേധവുമായി വാടകക്കാർ രംഗത്ത് എത്തിയത്.

