ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രികരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ മാസം വിമാനത്താവളം വഴി ഏകദേശം 3.5 മില്യൺ യാത്രികർ സഞ്ചരിച്ചുവെന്നാണ് കണക്കുകൾ. കഴിഞ്ഞ വർഷം മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ 2.7 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഡബ്ലിൻ വിമാനത്താവളമാണ് യാത്രികരുടെ വിശദാംശങ്ങൾ പങ്കുവച്ചത്. ഡബ്ലിൻ വിമാനത്താവളത്തെ സംബന്ധിച്ച് ഏറെ തിരക്കേറിയ മാസമായിരുന്നു മെയ് എന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം 28 ദിവസങ്ങളിൽ പ്രതിദിന യാത്രികരുടെ എണ്ണം 1 ലക്ഷം കവിഞ്ഞിരുന്നു. കുറഞ്ഞത് എട്ട് ദിവസത്തിനുള്ളിൽ 120,000 ത്തിലധികം പേർ വിമാനത്താവളം വഴി യാത്ര ചെയ്തു.
മെയ് 24 ഞായറാഴ്ചയായിരുന്നു മാസത്തിലെ ഏറ്റവും തിരക്കേറിയ ദിവസം. അന്ന് ഡബ്ലിൻ വിമാനത്താവളം വഴി ആകെ 127,761 യാത്രക്കാർ യാത്ര ചെയ്തു. മെയ് മാസത്തിൽ വിമാനത്താവളത്തിലേക്കും പുറത്തേയ്ക്കും ആകെ 24,300 വിമാനങ്ങൾ സർവ്വീസ് നടത്തി.

