കൊൽക്കത്ത : തൃണമൂൽ മേധാവി മമത ബാനർജിയെ കോൺഗ്രസിലേയ്ക്ക് ക്ഷണിച്ച് സോണിയ ഗാന്ധി. കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനമാണ് സോണിയ മമതയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് . തൃണമൂലിൽ ആഭ്യന്തര കലാപം രൂക്ഷമാകുകയും , എം പി മാരും, എം എൽ എ മാരുമടക്കം രാജി വയ്ക്കുകയും ചെയ്യുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട് .സോണിയ ഗാന്ധിയും മമത ബാനർജിയും ബുധനാഴ്ച നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പുതിയ അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.
കകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിൽ പാർട്ടിയിലെ 28 ലോക്സഭാ എംപിമാരിൽ ഏകദേശം 20 പേർ പ്രത്യേക പാർലമെന്ററി ബ്ലോക്ക് രൂപീകരിച്ച് ‘യഥാർത്ഥ’ തൃണമൂൽ കോൺഗ്രസ് ആണെന്ന് അവകാശപ്പെടാൻ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് . രാജ്യസഭാ എംപിമാരിൽ ഒരു വിഭാഗം പാർട്ടിയിൽ നിന്ന് രാജിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും, 64 എംഎൽഎമാർ പ്രത്യേക വിഭാഗം രൂപീകരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അത്തരമൊരു വിഭാഗം നിയമാനുസൃത ടിഎംസിയായി അംഗീകരിക്കപ്പെട്ടാൽ, പാർട്ടി ചിഹ്നം, സംഘടനാ നിയന്ത്രണം, പാർട്ടി ആസ്തികൾ എന്നിവ വിട്ടു നൽകേണ്ടി വരും . അതേസമയം മമതയെ സ്വീകരിക്കുന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ എതിർപ്പുണ്ട് . വ്യാഴാഴ്ച ഡൽഹിയിൽ നടക്കുന്ന സംസ്ഥാന കോൺഗ്രസ് പ്രസിഡന്റുമാരുടെ യോഗത്തിൽ ഈ വിഷയം ചർച്ചയാകും . ബംഗാൾ കോൺഗ്രസ് മേധാവി ശുഭങ്കർ സർക്കാരും യോഗത്തിൽ പങ്കെടുക്കും.

