ഡബ്ലിൻ: നാടുകടത്തപ്പെടുന്നതിന് മുൻപ് അനധികൃത കുടിയേറ്റക്കാരിൽ ഭൂരിഭാഗവും പേർ പോലീസിന്റെ കസ്റ്റഡിയിൽ ആയിരുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം നൈജീരിയയിലേക്ക് അയച്ച 35 പേരിൽ 28 പേരായിരുന്നു പോലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. 27 ദിവസത്തെ കസ്റ്റഡി പൂർത്തിയാക്കിയ ശേഷം ആയിരുന്നു ഇവരെ നാടുകടത്തിയത്.
നീതിന്യായ വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തിയത്. നാടുകടത്തുന്നതിന് മുൻപ് ഇവരെ 56 ദിവസം വരെ കസ്റ്റഡിയിൽവയ്ക്കാൻ നിയമം അനുശാസിക്കുന്നുണ്ടെന്ന് നീതി വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു. യാത്രയ്ക്ക് ആവശ്യമുള്ള രേഖകൾ ലഭ്യമാക്കുന്നതിനും വിവരങ്ങൾ ശേഖരിക്കുന്നതിനുമാണ് ഇങ്ങനെ ചെയ്യുന്നത്. ഇവരെ പാർപ്പിയ്ക്കുന്നതിന് വേണ്ടി കാസിൽറിയ പ്രിഷൻ, ക്ലോവർഹിൽ ജയിൽ, കോർക്ക് ജയിൽ, ലിമെറിക്ക് ജയിൽ, മിഡ്ലാൻഡ്സ് ജയിൽ, വീറ്റ്ഫീൽഡ് ജയിൽ എന്നിവിടങ്ങൾ ഉണ്ടെന്നും നീതി വകുപ്പ് വ്യക്തമാക്കി.

