ഡബ്ലിൻ: വയോധികരെ പരിചരിക്കുന്നതിൽ വീഴ്ചവരുത്തി അയർലന്റിലെ നഴ്സിംഗ് ഹോമുകൾ. ഹിഖ്വ (എച്ച്ഐക്യുഎ) നടത്തിയ പരിശോധനയിൽ 25 നഴ്സിംഗ് ഹോമുകൾ വയോധികരെ പരിചരിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകൾ ലംഘിച്ചുവെന്നാണ് കണ്ടെത്തൽ. ഈ നഴ്സിംഗ് ഹോമുകൾക്കെതിരെ ഹിഖ്വ നടപടി സ്വീകരിക്കും.
രാജ്യത്തുടനീളം 47 സ്ഥലങ്ങളിൽ ആയിരുന്നു ഹിഖ്വയുടെ മിന്നൽ പരിശോധന. ഇതിൽ ആറ് നഴ്സിംഗ് ഹോമുകൾ നാലിലധികം മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. ഇവിടങ്ങളിൽ വയോധികർക്ക് സമയാസമയങ്ങളിൽ മരുന്നുകൾ ലഭിക്കുന്നതിന് ഉൾപ്പെടെ കാലതാമസം നേരിട്ടുണ്ട്. സേവനങ്ങൾക്ക് അന്തേവാസികളിൽ നിന്നും നഴ്സിംഗ് ഹോമുകൾ പണം ഈടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. താമസക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നഴ്സിംഗ് ഹോമുകൾ വീഴ്ചവരുത്തി. അവശ്യമായ പരിശീലനം ലഭിക്കാത്ത ജീവനക്കാരുടെ കുറവ് പലയിടങ്ങളിലും അന്തേവാസികളെ ദുരിതത്തിലാക്കി.

