ഡബ്ലിൻ: ശരീര ഭാരം കുറയ്ക്കുന്നതിനായുള്ള മരുന്നുകൾ പാൻക്രിയാറ്റിസിന് കാരണമാകുന്നതായി മുന്നറിയിപ്പ്. ഹെൽത്ത് പ്രൊഡക്റ്റ്സ് റെഗുലേറ്ററി അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അയർലന്റിൽ പൊതുവെ ഇത്തരം കേസുകൾ കുറവാണെങ്കിലും ശരീരഭാരം കുറയ്ക്കാൻ മരുന്നുകൾ ഉപയോഗിക്കുന്നതിന് മുൻപായി ഡോക്ടറുടെ സേവനം പ്രയോജനപ്പെടുത്തണം. പാർശ്വഫലങ്ങളെ തുടർന്ന് എൽപിജി മരുന്നുകളായ ഒസെംപിക്, മൗഞ്ചാരോ എന്നീ മരുന്നുകൾക്കെതിരെ യുകെയിൽ അന്വേഷണം നടക്കുകയാണെന്നും എച്ച്പിആർഎ വ്യക്തമാക്കി.
ഡോക്ടർമാരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ശരീരഭാരം കുറയ്ക്കുന്നതിനുള്ള മരുന്നുകൾ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് എച്ച്എസ്ഇയിലെ പ്രൊഫസർ. ഡൊണാൾ ഒ ഷിയ പറഞ്ഞു. ഇത്തരം മരുന്നുകൾ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും. ഇതിന് പുറമേ തലകറക്കം, ഛർദ്ദി, മലബന്ധം എന്നിവയ്ക്കും കാരണമാകും. തെറ്റായ രീതിയിലുള്ള സ്വയം ചികിത്സയെ തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി നിരവധി പേർ ആശുപത്രികളിൽ എത്താറുണ്ട്. അതുകൊണ്ട് തന്നെ ഡോക്ടറുടെ നിർദ്ദേശപ്രകാരം അല്ലാതെ ഇത്തരം മരുന്നുകൾ ഉപയോഗിക്കരുത് എന്നും ഷിയ വ്യക്തമാക്കി.

