തിരുവനന്തപുരം : രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേരള ഹൈക്കോടതിയെ സമീപിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്നലെയാണ് രാഹുലിന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.
ഒരു ജനപ്രതിനിധിക്കെതിരെ ഗുരുതരമായ ലൈംഗികാരോപണങ്ങൾ ഉയർന്നിട്ടും വസ്തുതകൾ പൂർണ്ണമായി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം. സമൂഹത്തിൽ മാതൃകയാകേണ്ട എംഎൽഎയ്ക്കെതിരെയാണ് പരാതി. ഈ പദവിയിലുള്ള ഒരാൾക്ക് ജാമ്യം നൽകുന്നത് മോശം കീഴ്വഴക്കമാകുമെന്നാണ് സർക്കാരിന്റെ നിലപാട്.
ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. ജാമ്യം അനുവദിച്ചാൽ, പ്രതി കേസിലെ അന്വേഷണത്തെയും സാക്ഷികളെയും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ട്. കുറച്ചു ദിവസമായി ഒളിവിൽ കഴിയുന്ന രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിക്കും.
അതേസമയം, രാഹുലിനെതിരെ പീഡനത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുന്നത് അസാധാരണമാണെന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ് നസീറ ഇന്നലെ ചൂണ്ടിക്കാട്ടി. സംഭവം നടന്ന് രണ്ട് വർഷത്തിന് ശേഷം കെപിസിസി പ്രസിഡന്റിന് പരാതി നൽകുന്നതിലെ പൊരുത്തക്കേടും കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരിയ്ക്ക് നിയമനടപടികളുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്നും കോടതി പരാമർശിച്ചിരുന്നു.

