ന്യൂഡൽഹി : എസ്ഐആർ വിഷയത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമായി അവതരിപ്പിച്ച ആഭ്യന്തരമന്ത്രി അമിത് ഷായെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നുഴഞ്ഞുകയറ്റക്കാരെ രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്ന് പറഞ്ഞ അമിത് ഷാ നുഴഞ്ഞുകയറ്റക്കാരെ പിന്തുണയ്ക്കുന്ന കോൺഗ്രസിനെ നിശിതമായി വിമർശിക്കുകയും ചെയ്തു.
പ്രതിപക്ഷത്തിന്റെ നുണകളെ ഉറച്ച വസ്തുതകളോടെ തുറന്നുകാട്ടിയ പ്രസംഗമായിരുന്നു അമിത് ഷായുടേതെന്ന് മോദി പറഞ്ഞു. ‘ “ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസംഗം മികച്ചതായിരുന്നു. നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ വശങ്ങൾ, നമ്മുടെ ജനാധിപത്യത്തിന്റെ ശക്തി എന്നിവ അദ്ദേഹം ഉയർത്തിക്കാട്ടി, പ്രതിപക്ഷത്തിന്റെ നുണകളെ ഉറച്ച വസ്തുതകളോടെ തുറന്നുകാട്ടി.”മോദി എക്സിൽ കുറിച്ചു.
പ്രതിപക്ഷത്തിന്റെ വോട്ട് മോഷണ ആരോപണങ്ങളും എസ്ഐആറിനെക്കുറിച്ചുള്ള ചോദ്യങ്ങളും ഉൾപ്പെടെ നിരവധി പ്രധാന വിഷയങ്ങൾക്ക് ബുധനാഴ്ച ലോക്സഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകി. “നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുക, അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുക, അവരെ രാജ്യത്ത് നിന്ന് പുറത്താക്കുക എന്നതാണ് ഞങ്ങളുടെ നയം. അതേസമയം, നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുക എന്നതാണ് കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും നയം.” ഒരു നുഴഞ്ഞുകയറ്റക്കാരനെ പോലും രാജ്യത്ത് തുടരാൻ ഞങ്ങൾ അനുവദിക്കില്ലെന്നും ലോക്സഭയിൽ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ, അമിത് ഷാ പറഞ്ഞു.

