ബെൽഫാസ്റ്റ്: ശരീരഭാഗം കുറയ്ക്കുന്ന വ്യാജ മരുന്നുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവിഭാഗം മെഡിസിൻസ് റെഗുലേറ്ററി ഗ്രൂപ്പ് (എംആർജി). വ്യാജ മരുന്ന് ഉപയോഗിച്ച് ആശുപത്രിയിൽ അടുത്തിടെ ധാരാളം പേർ ചികിത്സ തേടിയതിന് പിന്നാലെയാണ് മുന്നറിയിപ്പ്. ഇത്തരം മരുന്നുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അതിനാൽ ഉപയോഗിക്കരുതെന്നും എംആർജി വ്യക്തമാക്കി.
സോഷ്യൽ മീഡിയ വഴിയും വ്യാജ വെബ്സൈറ്റുകളിൽ നിന്നുമാണ് വ്യാജൻമാരുടെ വാഗ്ദാനങ്ങളിൽ ആകൃഷ്ടരായി ആളുകൾ ഇത്തരം മരുന്നുകൾ വാങ്ങുന്നത്. എന്നാൽ ഇത് ഉപയോഗിച്ചാൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. അടുത്തിടെയായി മരുന്നുകളുടെ പാർശ്വഫലങ്ങളെ തുടർന്ന് നിരവധി പേരാണ് ആശുപത്രിയിൽ ചികിത്സതേടി എത്തിയത്. പല മരുന്നുകളിലും ശരീരത്തെ സാരമായി ബാധിക്കുന്ന ഘടകങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. അതിനാൽ വ്യാജ മരുന്നുകളിൽ നിന്നും അകന്ന് നിൽക്കണമെന്ന് എംആർജ അറിയിച്ചു.

