ഡബ്ലിൻ: പബ്ലിക് നഴ്സിംഗ് ഹോമുകളിലെ ഗുതുരത സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹിഖ്വയ്ക്ക് ( ഹെൽത്ത് ഇൻഫർമേഷൻ ആൻഡ് ക്വാളിറ്റി അതോറിറ്റി) അധിക അധികാരങ്ങൾ നൽകാൻ തീരുമാനം. മന്ത്രി കീരൻ ഒ ഡോണലാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച നിർദ്ദേശം അടുത്ത മാസം സർക്കാരിന് മുൻപിൽ വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. രോഗി സുരക്ഷാ നിയമത്തിലെ ഭേദഗതിയിലൂടെയാകും ഇത് സാധ്യമാക്കുക എന്നാണ് സൂചന.
രോഗികളുടെ സുരക്ഷയെ ഹനിക്കുന്ന പ്രവൃത്തികൾ നഴ്സിംഗ് ഹോമുകളുടെ ഭാഗത്ത് നിന്നും ഉണ്ടായാൽ വിഷയത്തിൽ സ്വതന്ത്രമായി അവലോകനം നടത്താൻ കമ്മീഷനെയോ ഏജൻസിയെയോ നിയമിക്കാനുള്ള അധികാരം ഹിഖ്വയ്ക്ക് നൽകും. ഇതിന് പുറമേ രോഗിയുടെ സുരക്ഷയെ മുൻനിർത്തി കൂടുതൽ അധികാരങ്ങൾ നൽകും. ഹോം കെയർ സംബന്ധിച്ച നിയമങ്ങളിൽ ഉൾപ്പെടെ നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ ഡോണൽ ആലോചിക്കുന്നുണ്ട്.
അടുത്തിടെ നഴ്സിംഗ് ഹോമുകളിലെ സുരക്ഷാ വീഴ്ച വലിയ ചർച്ചാ വിഷയം ആയിരുന്നു. ഇതിന് പിന്നാലെയാണ് നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത്.

