ഡബ്ലിൻ: രാജ്യത്തെ ആശുപത്രികളുടെ പ്രവർത്തനവും സേവനവും മെച്ചപ്പെടുത്താൻ അയർലന്റ് ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി പുതിയ ഓൺലൈൻ ഡാഷ് ബോർഡിന്റെ പ്രവർത്തനത്തിന് ആരംഭം കുറിച്ചു. ആശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ആരോഗ്യപ്രവർത്തകരുടെ ജോലി സമയം വർദ്ധിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംവിധാനം പ്രവർത്തനക്ഷമം ആക്കിയിരിക്കുന്നത്.
സ്ഥിതിവിവരക്കണക്കുകളെ പുതിയ ഫോർമാറ്റുകളിലേക്ക് സംയോജിപ്പിച്ചുകൊണ്ട് കാര്യക്ഷമത വിലയിരുത്തുന്നതാണ് പുതിയ ഓൺലൈൻ ഡാഷ്ബോർഡ്. ഇത് പൊതജനങ്ങൾക്ക് ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വെയിറ്റിംഗ് ലിസ്റ്റ്, ഡിസ്ചാർജ് തുടങ്ങിയവ മനസിലാക്കുന്നതിന് ഈ സംവിധാനം പ്രയോജനകരമാണ്. ആശുപത്രി മാനേജ്മെന്റുകൾക്ക് അവരുടെ പ്രവർത്തനങ്ങളെ സമാന സ്ഥാപനങ്ങളുമായി ഒത്തുനോക്കാനും ഇതുവഴി സ്വന്തം പ്രവർത്തനം മെച്ചപ്പെടുത്താനും പുതിയ സംവിധാനം സഹായിക്കും.

