ഓരോ നാല് വർഷം കൂടുമ്പോഴും ഒരു രാജ്യം ആതിഥേയത്വം വഹിക്കുന്ന ഈ ടൂർണമെന്റ് ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലുള്ള കോടിക്കണക്കിന് മനുഷ്യരെ ഒരേ വികാരത്തിൽ ബന്ധിപ്പിക്കുന്നു. എന്നാൽ ലോകകപ്പിന്റെ മറ്റൊരു അത്ഭുതമുണ്ട്. ടൂർണമെന്റ് നടക്കുന്ന രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയായിട്ടും,ലോകകപ്പിനെ സ്വന്തം ഉത്സവമാക്കി ആഘോഷിക്കുന്ന ഒരു നാടുണ്ട്. ആ നാട് കേരളമാണ്.
ലോകകപ്പ് എത്തുമ്പോൾ കേരളത്തിലെ ഗ്രാമങ്ങളും നഗരങ്ങളും മഞ്ഞയും, നീലയും, ചുവപ്പും വർണ്ണങ്ങളാൽ അലങ്കരിക്കപ്പെടുന്നു. റോഡ് അരികുകളിൽ ഉയരുന്ന ഭീമൻ കട്ടൗട്ടുകൾ, വീടുകളുടെ മുകളിൽ പാറുന്ന വിദേശരാജ്യങ്ങളുടെ പതാകകൾ, രാത്രി ഏറെ വൈകിയും ആവേശത്തോടെ മത്സരങ്ങൾ കാണാനോടുന്ന ആരാധകർ.ഒരു ഗോൾ പിറക്കുമ്പോൾ ആഘോഷങ്ങൾ പൊട്ടിപ്പുറപ്പെടുന്നു. ഒരു തോൽവി വന്നാൽ നിരാശയും അത്രത്തോളം ആഴമുള്ളതാകുന്നു. ഇതാണ് കേരളത്തിന്റെ ഫുട്ബോൾ ആഘോഷം.
മലയാളികൾക്ക് ഫുട്ബോളിനോടുള്ള ഈ സ്നേഹം ഇന്നോ ഇന്നലെയൊ തുടങ്ങിയതല്ല. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ എത്തിയ ഫുട്ബോൾ, കേരളത്തിൽ പ്രത്യേകിച്ചും മലബാർ മേഖലയിലാണ് ശക്തമായ സ്വാധീനം സൃഷ്ടിച്ചത്. തലശ്ശേരി, കോഴിക്കോട്, മലപ്പുറം, കണ്ണൂർ തുടങ്ങിയ പ്രദേശങ്ങൾ പിന്നീട് ഇന്ത്യൻ ഫുട്ബോളിന്റെ പ്രധാന കേന്ദ്രങ്ങളായി വളർന്നു. സ്കൂളുകളും കോളേജുകളും സാംസ്കാരിക ക്ലബ്ബുകളും ഈ വിനോദത്തെ ജനകീയമാക്കി.
മലബാറിന്റെ മണ്ണിൽ രൂപംകൊണ്ട സെവൻസ് ഫുട്ബോൾ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. 1970- കളിലും 80-കളിലും സെവൻസ് ഫുട്ബോൾ കേരളത്തിൽ വലിയ ജനപ്രീതി നേടുകയും ഗ്രാമീണ ഫുട്ബോൾ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തു. പരിമിതമായ സൗകര്യങ്ങളും ചെറിയ മൈതാനങ്ങളുമുള്ള ഗ്രാമപ്രദേശങ്ങളിൽ, കൂടുതൽ ആളുകൾക്ക് കളിക്കാൻ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കിയത്. പിന്നീട് അത് ഒരു കായികമത്സരത്തിനപ്പുറം, കേരളത്തിന്റെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായിത്തീർന്നു.
വിളവെടുപ്പ് കാലങ്ങൾക്കും നാട്ടുത്സവങ്ങൾക്കും ഒപ്പം സെവൻസ് ടൂർണമെന്റുകളും സംഘടിപ്പിക്കപ്പെട്ടു. രാത്രിയിൽ ഫ്ളഡ് ലൈറ്റുകൾക്ക് കീഴിൽ നടക്കുന്ന മത്സരങ്ങൾ കാണാൻ ആയിരക്കണക്കിന് ആളുകൾ മൈതാനങ്ങൾക്ക് ചുറ്റും ഒത്തുകൂടും. പ്രാദേശിക ക്ലബ്ബുകൾ തമ്മിലുള്ള മത്സരങ്ങൾ അത്യധികം ആവേശത്തോടെ മൈതാനങ്ങളിൽ അരങ്ങേറും.
ഈ സെവൻസ് സംസ്കാരമാണ് കേരളത്തിൽ ഒരു പറ്റം സ്ഥിരം ഫുട്ബോൾ പ്രേക്ഷകരെ സൃഷ്ടിച്ചത്. വർഷം മുഴുവൻ ഫുട്ബോളുമായി ബന്ധപ്പെട്ടു ജീവിക്കുന്ന ഒരു തലമുറയെ അത് വളർത്തിയെടുത്തു. അതുകൊണ്ടുതന്നെ ലോകകപ്പ് എത്തുമ്പോൾ കേരളത്തിലെ ആവേശം താൽക്കാലികമായ ആവേശമല്ല. പതിറ്റാണ്ടുകളായി വളർന്ന ഒരു ഫുട്ബോൾ പാരമ്പര്യം കൂടിയാകുന്നു.ലോകകപ്പ് കാലത്ത് കേരളത്തിൽ കാണുന്ന കാഴ്ചകൾ പലപ്പോഴും ദേശീയ-അന്തർദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ നേടിയിട്ടുണ്ട്.
നദികൾക്ക് കുറുകെ ഉയർത്തുന്ന ഭീമൻ കട്ടൗട്ടുകൾ, കിലോമീറ്ററുകൾ നീളുന്ന പാതകകൾ ഇവയൊക്കെയാണ് കേരളത്തിന്റെ ലോകകപ്പ് ആഘോഷങ്ങളെ വ്യത്യസ്തമാക്കുന്നത്. ബ്രസീലും അർജന്റീനയും തമ്മിലുള്ള മത്സരങ്ങൾ വർഷങ്ങളായി കേരളത്തിൽ ഒരു പ്രത്യേക ആവേശമാണ് സൃഷ്ടിച്ചിട്ടുള്ളത്. ചിലപ്പോൾ ഒരു ഗ്രാമം മുഴുവൻ ഒരു ടീമിനെ പിന്തുണയ്ക്കുമ്പോൾ, തൊട്ടടുത്ത ഗ്രാമം എതിര് ടീമിന്റെ ആരാധകർ ആയിരിക്കും. എന്നാൽ മത്സരം അവസാനിക്കുമ്പോൾ വിജയവും പരാജയവും കായികമനോഭാവത്തോടെ ഏറ്റെടുക്കുന്ന സംസ്കാരവും ഇവിടെ നിലനിൽക്കുന്നു എന്നതാണ് ഏറ്റവും വലിയ ആകർഷണം.
കേരളത്തിന്റെ ലോകകപ്പ് ആവേശം ആഘോഷങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല മറിച്ച്,അത് പുതിയ തലമുറയ്ക്ക് പ്രചോദനവും നൽകുന്നു. പെലെയുടെയും മറഡോണയുടെയും മെസ്സിയുടെയും നെയ്മറുടെയും കഥകൾ കേട്ട് വളരുന്ന കുട്ടികൾ, സ്വന്തം ഗ്രാമങ്ങളിലെ മൈതാനങ്ങളിൽ അവരുടെ സ്വപ്നങ്ങളും നെയ്യാൻ തുടങ്ങുന്നു. ലോകകപ്പിൽ കാണുന്ന ഓരോ ഗോളും ഓരോ വിജയവും ഭാവിയിലെ ഫുട്ബോൾ താരത്തിന് പ്രചോദനമാകുന്നു.
ഭാഷയും, ദേശവും, രാഷ്ട്രീയവും,സംസ്കാരവും വ്യത്യസ്തമായിരിക്കാം. പക്ഷേ ഒരു പന്ത് ഉരുളുമ്പോൾ ലോകമെമ്പാടുമുള്ള മനുഷ്യരെ ഒരുമിപ്പിക്കാൻ ഫുട്ബോളിന് കഴിയുന്നു. കേരളത്തിലും അതുതന്നെയാണ് സംഭവിക്കുന്നത്. മതവും രാഷ്ട്രീയവും മറന്ന് ലക്ഷക്കണക്കിന് ആളുകൾ ഓരോ മത്സരത്തിനായി കാത്തിരിക്കുന്നു ഓരോ ഗോളുകളും ആഘോഷമാക്കുന്നു ഓരോ നിരാശയും പങ്കിടുന്നു.
അതുകൊണ്ടുതന്നെ ലോകകപ്പ് ഒരു ടൂർണമെന്റ് ആയി മാത്രം കേരളം കാണുന്നില്ല. അതൊരു വികാരമാണ്, ഒരു ആഘോഷമാണ്, നാലുവർഷത്തിലൊരിക്കൽ വീണ്ടും ജീവൻ പ്രാപിക്കുന്ന ഒരു ജനകീയ ഉത്സവമാണ്.
വീഡിയോ: https://www.youtube.com/watch?v=52WXy98eiSw

