ഡബ്ലിൻ: അയർലൻഡിൽ വീടുകളുടെ ചോദിക്കുന്ന വിലയിൽ വർധനവ്. ഈ വർഷം ഏപ്രിൽ മുതൽ ജൂൺവരെയുള്ള കാലയളവിൽ വീടുകളുടെ ചോദിക്കുന്ന വില 5 ശതമാനമായിട്ടാണ് ഉയർന്നത്. ഈ വർഷം ആദ്യ പാദത്തിൽ ഇത് 4.7 ശതമാനം ആയിരുന്നു.
ഓൺലൈൻ പ്രോപ്പർട്ടി പോർട്ടലായ മൈഹോമിന്റെ പ്രോപ്പർട്ടി മാർക്കറ്റ് വിശകലന റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ. ഈ വർഷം വീടുകളുടെ വിലയിൽ വലിയ വർധനവുണ്ടാകുമെന്ന് നേരത്തെ തന്നെ മൈഹോം പ്രവചിച്ചിരുന്നു. നാല് ശതമാനം ഉയരുമെന്നായിരുന്നു പ്രവചനം. ഡബ്ലിന് പുറത്താണ് വീടുകളുടെ ചോദിക്കുന്ന വിലയിൽ വലിയ വർധനവ് ഉണ്ടായിട്ടുള്ളത്. 5.4 ശതമാനമാണ് ഇത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ദേശീയതലത്തിൽ ഒരു വീടിന് ശരാശരി ചോദിക്കുന്ന വില 395,000 യൂറോ (ഡബ്ലിനിൽ 495,000 യൂറോ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 350,000 യുറോ ) ആയിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

