കൊൽക്കത്ത ; കൊൽക്കത്തയിലെ ബറൂയിപൂരിൽ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യമന്ത്രി പ്രഭാസ് മണ്ഡൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ തെളിവെടുപ്പിനായി കൊണ്ടുവരുന്നതിനിടെ പൊലീസുകാരുടെ തോക്ക് തട്ടിയെടുത്ത് വെടിയുതിർത്ത ശേഷം രക്ഷപെടാനായിരുന്നു പ്രഭാസിന്റെ ശ്രമം . തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രഭാസ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
ആത്മരക്ഷാർത്ഥമാണ് പോലീസ് തിരിച്ച് വെടിവച്ചതെന്ന് ബറൂയിപൂർ ജില്ലാ പൊലീസ് സൂപ്രണ്ട് പലാഷ് ചന്ദ്ര ദാലി പറഞ്ഞു. പരിക്കേറ്റ പ്രതിയെ ഉടൻ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്. ശനിയാഴ്ച്ച കാണാതായ 12 കാരിയുടെ മൃതദേഹം ഞായറാഴ്ച്ചയാണ് സൂര്യപൂരിലെ കുളത്തിൽ നിന്ന് കണ്ടെത്തിയത്. പ്രതിയായ പ്രഭാസ് തന്നെയാണ് മൃതദേഹം ഉപേക്ഷിച്ച സ്ഥലം നാട്ടുകാർക്ക് കാണിച്ചുകൊടുത്തത്.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, മുമ്പ് രണ്ട് പേർക്കൊപ്പം കൂട്ടബലാത്സംഗം ചെയ്തതായാണ് റിപ്പോർട്ട്. നാട്ടുകാരാണ് പ്രഭാസിനെ പോലീസിൽ ഏൽപ്പിച്ചത് . കൂട്ടുപ്രതികളായ ആനന്ദ സർദാർ, ദിബാകർ സർദാർ എന്നീ മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തു. ഇവർ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലൈംഗികാതിക്രമം സ്ഥിരീകരിച്ചിട്ടുണ്ട്. തലയ്ക്ക് ഗുരുതരമായ പരിക്കും സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളും ശരീരത്തിലുടനീളം കടിയേറ്റതിന്റെയും പോറലുകളുടെയും പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം പ്രഭാസിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ സന്ധ്യ പൊലീസിനോട് പറഞ്ഞു. “എന്റെ മകൻ ചെയ്ത തെറ്റിന് ശിക്ഷിക്കപ്പെട്ടു. ഞാൻ അവന്റെ മൃതദേഹം സ്വീകരിക്കില്ല. ഈ വീട്ടിലേക്ക് തിരികെ കൊണ്ടുവരില്ല. അവൻ ഒരു നന്മയും ചെയ്തിട്ടില്ല. അവൻ തെറ്റ് ചെയ്തു, ശിക്ഷിക്കപ്പെട്ടു. അവനെ കൊല്ലുക അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യുക. എനിക്ക് എതിർപ്പില്ല“ എന്നാണ് പ്രഭാസിന്റെ അമ്മ മരണ വിവരം അറിയിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.

