പോർട്ട് എലിസബത്ത്: ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 3 വിക്കറ്റ് ജയം. തുടർച്ചയായ രണ്ടാം മത്സരത്തിലും ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക, ഇന്ത്യയെ 20 ഓവറിൽ 6ന് 124 എന്ന ചെറിയ സ്കോറിൽ ഒതുക്കി. മറുപടി ബാറ്റിംഗിൽ ആതിഥേയർ 19 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.
വ്യക്തമായ ഗെയിം പ്ലാനോടെ പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കൻ ബൗളർമാർ, ആദ്യ മത്സരത്തിൽ തങ്ങൾക്കും ജയത്തിനുമിടയിൽ നിലയുറപ്പിച്ച സഞ്ജു സാംസണെ ആദ്യം തന്നെ പൂജ്യനാക്കി മടക്കി. ശേഷിച്ച ഇന്ത്യൻ ബാറ്റ്സ്മാന്മാർ കഴിഞ്ഞ മത്സരത്തിലേത് പോലെ നിലയുറപ്പിക്കാതെ മടങ്ങിയതോടെ, അവർക്ക് കാര്യങ്ങൾക്ക് എളുപ്പമായി. നിയന്ത്രിച്ച് പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കൻ ബൗളർമാർ 7ൽ കുറഞ്ഞ ഇക്കോണമി റേറ്റ് നിലനിർത്തിയപ്പോൾ, ഇന്ത്യക്ക് മുന്നിൽ എല്ലാ വഴികളും അടഞ്ഞു. 39 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
മറുപടി ബാറ്റിംഗിൽ കരുതലോടെ കളിച്ച പ്രോട്ടീസ് ബാറ്റ്സ്മാന്മാർ സാഹസങ്ങൾക്ക് കാര്യമായി മുതിർന്നില്ല. എന്നാൽ വരുൺ ചക്രവർത്തിയുടെ സ്പിന്നിന് മുന്നിൽ മദ്ധ്യനിര തകർന്നതോടെ ഇന്ത്യ വിജയം മണത്തു. 47 റൺസുമായി നിലയുറപ്പിച്ച ട്രിസ്റ്റൻ സ്റ്റബ്സിന് കൂട്ടായി ഒൻപതാമനായി കോട്സീ ക്രീസിലെത്തിയതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ അസ്തമിച്ചു. കോട്സീ 9 പന്തിൽ 19 റൺസുമായി പുറത്താകാതെ നിന്നു. 4 ഓവറിൽ 17 റൺസ് മാത്രം വഴങ്ങി വരുൺ ചക്രവർത്തി 5 വിക്കറ്റ് വീഴ്ത്തി.