ലീഡ്സ്: ആൻഡേഴ്സൺ- ടെൻഡുൽക്കർ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ. ടോസ് നഷ്ടമായി ബാറ്റിംഗിന് അയക്കപ്പെട്ട ഇന്ത്യ സ്റ്റമ്പ് എടുക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 359 റൺസ് എടുത്തിട്ടുണ്ട്. ഓപ്പണർ യശസ്വി ജെയ്സ്വാളിന്റെയും ക്യാപ്ടൻ ശുഭ്മാൻ ഗില്ലിന്റെയും തകർപ്പൻ സെഞ്ച്വറികളാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്.
കെ എൽ രാഹുലിനൊപ്പം 91 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് ഉണ്ടാക്കിയ ജയ്സ്വാൾ തന്റെ ഫോമിനൊത്ത പ്രകടനവുമായി കളം നിറഞ്ഞപ്പോൾ സ്വന്തം തട്ടകത്തിൽ ഇംഗ്ലീഷ് ബൗളർമാർ ആദ്യ സെഷനിൽ തന്നെ വിയർത്തു. എന്നാൽ ലഞ്ചിന് പിരിയുന്നതിന് മുൻപ് 42 റൺസെടുത്ത രാഹുലിനെ കാഴ്സ് ജോ റൂട്ടിന്റെ കൈകളിൽ എത്തിച്ച് ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. തൊട്ട് പിന്നാലെ, ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരം കളിക്കുന്ന സായ് സുദർശനെ സ്റ്റോക്സ് പൂജ്യത്തിന് പുറത്താക്കിയതോടെ, ആദ്യ സെഷനിൽ ഇന്ത്യ 2ന് 92 എന്ന നിലയിലായി.
ഉച്ചഭക്ഷണത്തിന് ശേഷം ഒത്തുചേർന്ന ജയ്സ്വാളും ഗില്ലും മികച്ച ബാറ്റിംഗിലൂടെ ഇന്ത്യൻ ഇന്നിംഗ്സ് അതിവേഗം ചലിപ്പിച്ചു. ചായക്ക് പിന്നാലെ 101 റൺസെടുത്ത ജയ്സ്വാളിനെയും സ്റ്റോക്സ് തന്നെ വീഴ്ത്തി. എന്നാൽ പിന്നീട് വന്ന ഋഷഭ് പന്ത് സ്വതസിദ്ധമായ ശൈലിയിൽ ഒരു വശത്ത് ആക്രമണം ആരംഭിച്ചപ്പോൾ, ചേതോഹരമായ സ്ട്രോക് പ്ലേയിലൂടെ സെഞ്ച്വറി കടന്ന ഗിൽ, ക്യാപ്ടൻ എന്ന നിലയിലെ തന്റെ അരങ്ങേറ്റ ഇന്നിംഗ്സ് അവിസ്മരണീയമാക്കി. കളി അവസാനിക്കുമ്പോൾ 127 റൺസുമായി ഗില്ലും 65 റൺസുമായി പന്തും ക്രീസിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

