അടുക്കളയിൽ വീട്ടമ്മമാർ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടാണ് ഈച്ച ശല്യം . ആഹാരസാധനങ്ങളിലും, പച്ചക്കറികളിലും ഒക്കെയായി പാറിപ്പറന്ന് പടർത്തുന്ന രോഗങ്ങളും ചെറുതല്ല. അടുക്കളയിൽ ആയതുകൊണ്ട് തന്നെ കീടനാശിനികൾ ഉപയോഗിക്കാനും ബുദ്ധിമുട്ടാണ്. എന്നാൽ വീട്ടിൽ ലഭ്യമായ അധികം പണച്ചിലവില്ലാത്ത ചില സാധനങ്ങൾ കൊണ്ട് തന്നെ നമുക്ക് ഇവയെ തുരത്താം .
യൂക്കാലിപ്റ്റസ് , വേപ്പ് തുടങ്ങിയവയുടെ എണ്ണ സ്പ്രെ ചെയ്ത് ഈച്ചയെ നമുക്ക് തുരത്താവുന്നതാണ് . ഈച്ചയെയും, ചിതലിനെയും ഒക്കെ തുരത്താൻ പറ്റിയ ഒന്നാണ് വയനയില. ഇതിന്റെ അതികഠിനമായ മണം ഈച്ചകളെയും , മറ്റ് പ്രാണികളെയും ഒക്കെ തുരത്തും.
ആഹാരസാധനങ്ങളുടെ രുചി കൂട്ടാൻ ഉപയോഗിക്കുന്ന കറുവപ്പട്ടയും ഈച്ചയെ തുരത്താൻ സഹായിക്കും . പ്രാണി ശല്യമുള്ളയിടങ്ങളിൽ ഇവ പൊടിച്ച് വിതറുന്നത് സഹായകരമാകും.
കാപ്പിയുടെ ഗന്ധം പ്രാണികൾക്കും ഈച്ചകൾക്കും തീരെ പിടിക്കില്ല.ഒരു ചെറിയ പാത്രം എടുത്ത് അതിൽ കുറച്ച് കാപ്പിപ്പൊടി ഇട്ട് അടുക്കളയുടെ ഭാഗത്ത് വച്ചാൽ ഈച്ച വരില്ല.പുതിനയും , തുളസിയും അരച്ച് കലക്കിയ വെളളം സ്പ്രേ ചെയ്യുന്നതും ഈച്ചയെ തുരത്തും . അതുപോലെ തന്നെ യീസ്റ്റും, കുരുമുളക് പൊടിയും കലർത്തി സ്പ്രേ ചെയ്യുന്നതും സഹായകരമാകും.