ന്യൂഡല്‍ഹി: പാർട്ടിയ്ക്ക് തന്റെ സേവനം ആവശ്യമില്ലെങ്കിൽ താൻ മറ്റ് വഴികൾ തേടുമെന്ന മുന്നറിയിപ്പുമായി എം പി ശശിതരൂർ . ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് തരൂർ തന്റെ നിലപാട് വ്യക്തമാക്കിയത് .
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ നേട്ടങ്ങൾക്ക് ശേഷം കോൺഗ്രസ് തുടർച്ചയായ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരാജയങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, പാർട്ടിക്ക് അതിന്റെ പ്രതിബദ്ധതയുള്ള വോട്ടർ അടിത്തറയ്ക്ക് അപ്പുറത്തുള്ള ആളുകളെ ഒപ്പം നിർത്തേണ്ടി വരുമെന്നും, തനിക്ക് വ്യക്തിപരമായി ലഭിച്ച പിന്തുണ അതിനു ഉദാഹരണമാണെന്നും തരൂർ പറഞ്ഞു.
കോൺഗ്രസിനു ജനങ്ങളെ ഒപ്പം നിർത്താനായില്ലെങ്കിൽ അടുത്ത തവണയും കേരളത്തിൽ പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ നോക്കിയാൽ, കോൺഗ്രസിന്റെ വോട്ട് ഏകദേശം 19% ആയിരുന്നു. 26-27% അധികമായി ലഭിച്ചാൽ മാത്രമേ നമുക്ക് അധികാരത്തിലെത്താൻ കഴിയൂ. അതിനാൽ, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും നമ്മളെ പിന്തുണയ്ക്കാത്തവരെ നമുക്ക് ആവശ്യമുണ്ട്.
‘പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് തന്റേതായ കാര്യങ്ങള്‍ ചെയ്യാനുണ്ട്. പുസ്തകം, പ്രസംഗം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംസാരിക്കുന്നതിനുള്ള ക്ഷണം…’ എന്നാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്.