മുംബൈ : സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 30 മണിക്കൂറിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത് . നിലവിൽ പ്രതിയെ ബാന്ദ്ര പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം, എങ്ങനെ സെയ്ഫിൻ്റെ വീട്ടിൽ എത്തി? ആക്രമണത്തിന് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്നീ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.
സെയ്ഫ് അലി ഖാൻ്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ആളുടെ ചിത്രം മുംബൈ പോലീസ് കഴിഞ്ഞ ദിവസം തന്നെ പുറത്തുവിട്ടിരുന്നു . വ്യാഴാഴ്ച പുലർച്ചെ 2.33ഓടെയാണ് ഇയാൾ അപ്പാർട്ട്മെൻ്റിൽ അതിക്രമിച്ച് കയറിയത്. ജീൻസും ടീ ഷർട്ടുമാണ് ധരിച്ചിരുന്നത്.
സെയ്ഫ് അലി ഖാൻ്റെ വീട്ടിൽ കൃത്യമായ സുരക്ഷ ഉണ്ടായിരുന്നില്ലെന്നാണ് സൂചന. ഫ്ലാറ്റിന് പുറത്ത് സുരക്ഷാ ജീവനക്കാരനെ നിയമിച്ചിട്ടില്ല. അതിനാൽ, ആരാണ് കെട്ടിടത്തിലേക്ക് വരുന്നതെന്നോ പോകുന്നതെന്നോ പറയാൻ കഴിയില്ല. കൂടാതെ ആരൊക്കെ വന്നു പോയി എന്ന് രേഖപ്പെടുത്താൻ രജിസ്റ്റർ ബുക്കും ഇല്ലായിരുന്നു.
അതേസമയം ഗുരുതരപരിക്കേറ്റ് ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന താരം അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.