രാമായണത്തിൽ ശ്രീരാമനായി അഭിനയിക്കാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച വലിയ ഉത്തരവാദിത്വങ്ങളിൽ ഒന്നാണെന്ന് നടൻ രൺബീർ കപൂർ. ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി രൺബീർ, സായി പല്ലവി, രവി ദുബെ എന്നിവർ കോൻ ബനേഗ ക്രോർപതി’ എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിനിടെ രാമന്റെ വേഷം ലഭിച്ചപ്പോഴുള്ള അനുഭവത്തെ പറ്റി അമിതാഭ് ബച്ചന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു രൺബീർ. തുടക്കത്തിൽ തനിക്ക് ഭയമായിരുന്നുവെന്നും എന്നാൽ പിന്നീട് അത് നന്ദിയായി മാറിയെന്നും രൺബീർ പറഞ്ഞു.
‘ എനിക്ക് ഈ വേഷം ലഭിക്കുമ്പോൾ ഇതൊരു സാധാരണ വേഷമല്ല , മറിച്ച് ഉത്തരവാദിത്തമേറെയുള്ളതാണെന്ന് ഞാൻ മനസിലാക്കി . തുടക്കത്തിൽ ഭയം തോന്നി. ഞാൻ ഈ വേഷം കൈകാര്യം ചെയ്യാൻ യോഗ്യനാണോ , കോടിക്കണക്കിന് ആളുകൾ വിശ്വസിക്കുന്ന ശ്രീരാമനാകാൻ എനിക്ക് കഴിയുമോയെന്നൊക്കെ ഞാൻ ഭയന്നു. എന്നാൽ പിന്നീട് അത് കൃതജ്ഞതയ്ക്ക് വഴി മാറി.
അച്ഛനായ സമയത്ത് തന്നെ ഈ വേഷം ലഭിച്ചത് ഏറെ സവിശേഷമായി തോന്നി. എന്റെ ജീവിതത്തിലെ ഈ ഘട്ടത്തിൽ എനിക്ക് ഈ അവസരം ലഭിച്ചതിലും മികച്ച വ്യക്തിയാകാനുള്ള അവസരം ലഭിച്ചതിലും ഞാൻ നന്ദിയുള്ളവനാണ്. രാമായണം ആഴത്തിൽ മനസിലാക്കാനും, ഇത്രയും ആളുകൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനുമുള്ള അവസരം ദൈവത്തിന്റെ സമ്മാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. നമുക്ക് ശ്രീരാമനെ പോലെയാകാൻ കഴിഞ്ഞേക്കില്ല . പക്ഷെ അദ്ദേഹത്തിൽ നിന്ന് പലതും പഠിക്കാൻ കഴിയുന്നത് നമുക്ക് എല്ലാവർക്കും വലിയ കാര്യമാണ് ‘ രൺബീർ പറഞ്ഞു .
അതേസമയം സീതാദേവിയോട് പ്രാർത്ഥിച്ചാണ് താൻ മുന്നോട്ട് പോയതെന്നാണ് സായിപല്ലവി പറയുന്നത് . സാധാരണയായി ഏതെങ്കിലും വേഷം ചെയ്യുമ്പോൾ, ആ വേഷത്തിന് തനിക്കാൻ എന്തെങ്കിലും സ്പെഷ്യൽ ആയി ചെയ്യാൻ കഴിയുമോ എന്ന് ആലോചിക്കാറുണ്ട് . എന്നാൽ ഇത്തവണ അതൊന്നുമുണ്ടായില്ല . പ്രാർത്ഥിച്ച് മുന്നോട്ട് പോകുകയായിരുന്നുവെന്നും സായിപല്ലവി പറഞ്ഞു.

